തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രഭുദേവ. നൃത്തത്തോടുള്ള മഞ്ജുവാര്യരുടെ പ്രണയവും ഏറെ പ്രശസ്തമാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. യുഎ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന ആയിഷ എന്ന ചിത്രത്തിനു വേണ്ടി മഞ്ജുവിനെ നൃത്തം പഠിപ്പിക്കാൻ എത്തിയിരിക്കുകയാണ് പ്രഭുദേവ.
നൃത്തത്തോട് പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ ഒന്നിക്കുന്നു എന്നതിനപ്പുറം, പഴയൊരു ആരാധനയുടെ കഥ കൂടി പറയാനുണ്ട് മഞ്ജു വാര്യർക്ക്. തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തിൽ മഞ്ജു തുറന്നു പറഞ്ഞിരുന്നു. ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാൻ. പക്ഷേ എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു. അത് ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു. എന്നെ നേരിട്ടറിയുന്ന എല്ലാവർക്കുമറിയാം, എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. അത് അന്നുമുണ്ട്, ഇന്നുമുണ്ട്,” പ്രഭുദേവയോടും അദ്ദേഹത്തിന്റെ നൃത്തത്തോടുമുള്ള തന്റെ ആരാധനയെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ.
സിനിമാ പോസ്റ്ററുകളും നെയിം സ്ലിപ്പുകളും താരത്തിന്റെ ചിത്രങ്ങളുമെല്ലാം ശേഖരിച്ചുവയ്ക്കൽ ആയിരുന്നു തന്റെ കൗമാരക്കാലവിനോദമെന്നും മഞ്ജു കൂട്ടിച്ചേർത്തു.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിച്ചേർന്നത്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.
ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളും ആയിഷയുടെ നിർമ്മാണപങ്കാളികളാണ്. ഛായാഗ്രഹണം വിഷ്ണു ശർമ, എഡിറ്റർ അപ്പു എൻ ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, ഗാന രചന ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ നിർവ്വഹിക്കുന്നു. യുഎഇയ്ക്ക് പുറമെ ഡൽഹി, ബോംബെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാപതിപ്പുകളും ചിത്രത്തിനുണ്ട്.