/indian-express-malayalam/media/media_files/uploads/2023/07/Manju-Warrier-Mammootty-Sulfath.jpg)
മമ്മൂട്ടിയ്ക്കും സുൽഫത്തിനുമൊപ്പം മഞ്ജു വാര്യർ
മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ആനന്ദ് ഫിലിം അവാർഡ്സിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് താരങ്ങൾ. മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, അപർണ ബാലമുരളി, സാനിയ ഇയ്യപ്പൻ, സ്വാസിക വിജയൻ, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവൽ മേരി, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കർ എന്നിവരെല്ലാം ആനന്ദ് ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മമ്മൂട്ടിയ്ക്ക് ഒപ്പം ഭാര്യ സുൽഫത്തും മാഞ്ചെസ്റ്ററിൽ എത്തിയിരുന്നു. മമ്മൂട്ടിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത് മഞ്ജുവാര്യർ ആയിരുന്നു. അത്തരമൊരു അവസരം തേടിയെത്തിയതിലുള്ള സന്തോഷം പങ്കിടുകയാണ് മഞ്ജു.
"ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടുംതൂണിനും ട്രോഫി സമ്മാനിക്കാനാവുമെന്ന് എന്റെ വന്യമായ സ്വപ്നങ്ങളിൽ പോലും കരുതിയിരുന്നില്ല. എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്ന് ട്രോഫി സ്വീകരിച്ച പ്രിയപ്പെട്ട മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും നന്ദി. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം മനോഹരമായ ഒരു സായാഹ്നം ചിലവഴിച്ചു," മഞ്ജു കുറിച്ചു.
നടൻ ജോജുവും മാഞ്ചെസ്റ്ററിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചതിലുള്ള സന്തോഷം പങ്കുവച്ച് ടൊവിനോ കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.
"ഈ അവാർഡ് ഭാര്യയും ഭർത്താവുമൊന്നിച്ച വന്ന ഒരാൾക്കുള്ളതാണ്, അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ ഇയാളൊരു സാക്രിഫൈസിങ്ങ് ക്യാരക്റ്ററാണ് ചെയ്തത്, ആ ചിത്രത്തിൽ അദ്ദേഹം മരിക്കുമ്പോൾ നമ്മുടെ നെഞ്ചൊന്ന് നീറും, മലയാളത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രം അഭിനയിച്ച ആൾ," എന്നിങ്ങനെ വിശേഷണങ്ങൾ നൽകിയാണ് മമ്മൂട്ടി ടൊവിനോയെ വേദിയിലേക്ക് ക്ഷണിച്ചത്.
വേദിയിലെത്തിയ ശേഷം ടൊവിനോ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. "വെറുതെ ഒരു ഫോർമാലിറ്റി പോലെ പറയാതെ, എന്നെകുറിച്ച് ഇത്രയെല്ലാം പറഞ്ഞ മമ്മൂക്കയ്ക്ക് നന്ദി," എന്നാണ് ടൊവിനോ പറയുന്നത്. മാത്രമല്ല മമ്മൂട്ടി പറഞ്ഞതെല്ലാം തനിക്ക് ഒരു സിഡിയിലാക്കി തന്നാൽ വീട്ടിലിട്ട് ഇടയ്ക്ക് കേൾക്കുമെന്നും ടൊവിനോ പറയുന്നുണ്ട്.
"മമ്മൂക്കയുടെ കയ്യിൽ നിന്ന് അവാർഡും അനുഗ്രഹവും നേടാനുള്ള ഭാഗ്യമുണ്ടായി. എന്നെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. തന്റേതായ സ്റ്റൈലിൽ ഉയർന്നു വന്ന പ്രതിഭ, അദ്ദേഹത്തിന്റെ കൂടെയുള്ള ഈ നിമിഷം ഇനി ഞാൻ മുന്നോട്ടു കൊണ്ടു പോകും. മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല," എന്നാണ് ടൊവിനോ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.