ബുധനാഴ്ചയാണ് മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമായ ‘തുനിവ്’ തിയേറ്ററുകളിലെത്തിയത്. പൊങ്കൽ ചിത്രമായി എത്തിയ തുനിവിൽ അജിത് ആണ് നായകൻ. അജിത്തിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ മഞ്ജു അഭിമുഖങ്ങളിൽ പങ്കുവച്ചിരുന്നു.
അജിത്തിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് മഞ്ജു ഇപ്പോൾ. “നിങ്ങളായിരിക്കുന്നതിനു നന്ദി,” എന്നാണ് ചിത്രങ്ങൾക്ക് മഞ്ജു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
തുനിവ് ഷൂട്ടിനിടെ അജിത്തിനും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്രയും നടത്തിയിരുന്നു മഞ്ജു വാര്യർ. “ബൈക്ക് യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് അജിത്ത് സർ. ഒരു ദിവസം അദ്ദേഹം വന്ന് ട്രിപ്പ് പോകുന്ന കാര്യം എന്നോട് പറഞ്ഞു. ഞങ്ങൾക്കൊപ്പം വരുന്നുണ്ടോയെന്നും ചോദിച്ചു. വെറുതെ ചോദിച്ചതാണെന്നാണ് ഞാൻ വിചാരിച്ചത് പക്ഷെ ബൈക്കും മറ്റും റെഡിയായപ്പോൾ സാർ വന്ന് ഈ ദിവസം പോകാമെന്നും പറഞ്ഞു,” മഞ്ജു ഓർത്തെടുത്തു.
അജിത്തിനോട് വളരെ അടുത്തു നിൽക്കുന്നവർ മാത്രം ഉൾപ്പെട്ട ആ ട്രിപ്പിൽ താനുമുണ്ടായതിൽ സന്തോഷം തോന്നിയെന്നാണ് മഞ്ജു പറയുന്നത്. “കാറിൽ മുൻപ് ആ വഴികളിലൂടെ പോയിട്ടുണ്ടെങ്കിലും ബൈക്കിൽ പോയത് ഒരു പ്രത്യേക അനുഭവമായിരുന്നു. ടെന്റിലും പകുതി പണി തീർന്ന ഹോട്ടലിലുമൊക്കെയാണ് ഞങ്ങൾ താമസിച്ചത്. ആദ്യത്തെ ദിവസം എനിക്ക് നല്ല ശരീരം വേദനയുണ്ടായിരുന്നു. പിന്നീട് ഞാൻ ഓക്കെയായി.”
എച്ച് വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തുനിവി’ന് നല്ല പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ അജിത്തിനൊപ്പം മഞ്ജുവും തിളങ്ങി നിൽക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.