പിന്നണി ഗാനരംഗത്ത് അറുപത് സുവർണ വർഷങ്ങൾ പൂർത്തിയാക്കുന്ന ഗാനഗന്ധർവൻ കെ.ജെ യേശുദാസിന് ആശസ നേർന്ന് മഞ്ജു വാര്യർ. ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജു തന്റെ പ്രിയഗായകന് ആശംസകൾ നേർന്നത്. അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് അതുകൊണ്ട് ഇനിയും പാടിക്കൊണ്ടേയിരിക്കുക എന്ന് ആശംസ നേർന്ന് മഞ്ജു കുറിച്ചു.
” ‘പാടുന്നത് യേശുദാസ്..’ എന്ന് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് 60 വർഷം തികയുന്നു. ദാസേട്ടൻ നമ്മുടെയെല്ലാം കാതിൽ എവിടെയോ ഒളിച്ചിരിക്കുന്ന പാട്ടുപെട്ടിയാണ്. ഒരുമാത്രയിൽ അത് പാടിത്തുടങ്ങും. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു.”
“എത്രയോ മനുഷ്യർ ദാസേട്ടൻ എന്ന വെൺമേഘത്തിനാപ്പം ആകാശങ്ങൾ താണ്ടുന്നു. പ്രിയ ഗായകാ… ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക. കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ആദ്യഗാനത്തിൻ്റെ അറുപതാം പിറന്നാൾ ദിനത്തിൽ, ദാസേട്ടന് എല്ലാ ആയുരാരോഗ്യസൗഖ്യവുമുണ്ടാകാൻ പ്രാർഥിക്കുന്നു.” മഞ്ജു വാര്യർ കുറിച്ചു.
Also Read: ‘ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ’; യേശുദാസിന് ഗാനാഞ്ജലിയുമായി മോഹൻലാൽ
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
ഇന്ന് പിന്നണി ഗാനരംഗത്ത് അറുപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലുമായി 50,000ത്തിൽ അധികം ഗാനങ്ങളാണ് അദ്ദേഹം പാടിയിരിക്കുന്നത്.