തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്‌ക്കോ ചിന്തയ്‌ക്കോ ഉള്ള കോള് സൂക്ഷിച്ചുവയ്ക്കുന്ന നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ ജന്മദിനമാണ് ഇന്ന്. നാൽപ്പതാം പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും.
അക്കൂട്ടത്തിൽ, നടി മഞ്ജുവാര്യർ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. “നല്ല ജന്മദിനമായിരിക്കട്ടെ പിഷൂ…. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്ന കുറിപ്പോടെയാണ് രസകരമായ വീഡിയോ മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്. പിഷാരടിയും മകനുമാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. മകനോട് അച്ഛാ എന്നു വിളിക്കാൻ പറയുമ്പോൾ പിഷൂ എന്നു വിളിക്കുകയാണ് കുഞ്ഞ്. അച്ഛന്റെ പേര് എന്താ എന്ന ചോദ്യത്തിനും പിഷു എന്നാണ് മോന്റെ ഉത്തരം. മഞ്ജു പങ്കുവച്ച വീഡിയോയ്ക്ക് കമന്റുമായി ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.
നവാഗതനായ നിതിൻ ദേവീദാസ് സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട്” എന്ന ചിത്രത്തിലാണ് രമേശ് പിഷാരടി ഇനി അഭിനയിക്കുന്നത്. ചിത്രത്തിൽ നായകനായാണ് പിഷാരടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
Also read: ഇത് സ്പെഷ്യലാണ്; പൃഥ്വിക്കും ജയംരവിക്കും ഒപ്പമുള്ള ചിത്രവുമായി കനിഹ
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.