scorecardresearch

ഹാപ്പി ബര്‍ത്ത്ഡേ ടീച്ചറേ: നൃത്ത അധ്യാപികയ്ക്ക് ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍

മഞ്ജു ഇപ്പോൾ നൃത്തം അഭ്യസിക്കുന്നത് ഗീതാ പദ്മകുമാറിന്റെ ശിക്ഷണത്തിലാണ്

ഹാപ്പി ബര്‍ത്ത്ഡേ ടീച്ചറേ: നൃത്ത അധ്യാപികയ്ക്ക് ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍
Manju Warrier wishes dance teacher Geetha Padmakumar on Birthday featured

മഞ്ജു വാര്യര്‍ അറിയപ്പെടുന്നത് ഒരു അഭിനേത്രിയായി മാത്രമല്ല, ഒരു നര്‍ത്തകിയായും കൂടിയാണ്. വിവാഹശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷം മഞ്ജു പൊതുജീവിതത്തിലേക്ക് വന്നതും നൃത്തത്തിലൂടെ തന്നെ. ഇന്നും സിനിമയ്ക്കൊപ്പം തന്നെ ചേര്‍ത്ത് പിടിക്കുന്നുണ്ട് മഞ്ജു വാര്യര്‍ തന്റെ നൃത്താഭ്യസനത്തെ. ഗീതാ പദ്മകുമാര്‍ ആണ് നൃത്തത്തില്‍ ഇപ്പോള്‍ മഞ്ജുവിന്റെ ഗുരു. ഗുരുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ എത്തി.

Manju Warrier wishes dance teacher Geetha Padmakumar on Birthday

മഞ്ജുവിന്റെ രണ്ടാം വരവിലെ രണ്ടാം ചിത്രമായ ‘എന്നും ഇപ്പോഴും’ എന്ന സത്യന്‍ അന്തികാട് സിനിമയിലെ ഒരു നൃത്തരംഗം മഞ്ജുവിനു വേണ്ടി ചിട്ടപ്പെടുത്തിയത് ഗീതാ പദ്മകുമാര്‍ ആണ്. ഏറെ നാളുകൾക്കു ശേഷം സ്ക്രീനിൽ മലയാളി കണ്ട മഞ്ജുവിന്റെ ക്ലാസ്സിക്കൽ ഡാൻസ് പെർഫോമൻസുകളിൽ ഒന്നായിരുന്നു അത്.

“എന്റെ ആദ്യത്തെ ഗുരു സെലിന്‍കുമാരി ടീച്ചര്‍ മുതല്‍ ഇപ്പോഴത്തെ ഗുരു ഗീത പദ്മകുമാര്‍ വരെ എല്ലാവരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്റെ നേട്ടങ്ങളില്‍ അവരുടെയെല്ലാം സംഭാവനകളുണ്ട്. ഇപ്പോള്‍ ഗീത ടീച്ചറുടെ അടുത്ത് പഠനം തുടരുന്നു. നാവുകൊണ്ട് ടീച്ചര്‍ എന്നു ഞാന്‍ പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ചേച്ചി എന്നാണ് വിളിക്കുന്നത്. ടീച്ചര്‍ പറയും, സിനിമാതാരമായതുകൊണ്ടല്ല; മഞ്ജു നല്ല നര്‍ത്തകി ആയതുകൊണ്ടാണ് ആളുകള്‍ പ്രോഗ്രാം കാണാന്‍ വരേണ്ടത്. അതനുസരിച്ചുള്ള പെര്‍ഫോമന്‍സ് തിരികെ കൊടുക്കണമെന്ന്. പെര്‍ഫോമന്‍സിന്റെ ക്വാളിറ്റിയില്‍ ഒട്ടും കോംപ്രമൈസ് ചെയ്യാന്‍ ടീച്ചര്‍ സമ്മതിക്കില്ല. അത്രക്ക് ഇന്ററസ്റ്റ് എടുത്താണ് ഓരോ പ്രോഗ്രാമിനു വേണ്ടിയും എന്നെ ഒരുക്കുന്നത്,” മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ സഹോദരിതുല്യയായ തന്റെ നൃത്താധ്യാപികയെ കുറിച്ച് മഞ്ജു പറഞ്ഞത് ഇങ്ങനെ.

“കല്യാണം കഴിഞ്ഞതിനു ശേഷം ഡാന്‍സിലും വലിയ ഗ്യാപ്പ് വന്നു. പിന്നീട് മകള്‍ മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാന്‍ ഗീത പദ്മകുമാര്‍ ടീച്ചര്‍ വീട്ടില്‍ വന്നപ്പോള്‍ ഒരു കൗതുകത്തിനു വേണ്ടി അവളോടൊപ്പം ഞാന്‍ വീണ്ടും ചുവടുവയ്ക്കുകയായിരുന്നു. അപ്പോള്‍ ആദ്യമേ തന്നെ ഞാന്‍ ടീച്ചറോട് പറഞ്ഞു- ‘ഡാന്‍സ് ചെയ്തിട്ട് വര്‍ഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം എന്റെ കയ്യില്‍നിന്നു പോയിട്ടുണ്ടാകും. എന്നാലും ഞാനൊന്ന് ശ്രമിക്കുകയാണ്’. പക്ഷേ, രണ്ടാം ദിവസം ടീച്ചര്‍ എന്നോട് പറഞ്ഞു- ‘മഞ്ജു പണ്ട് പഠിച്ചതൊന്നും എവിടെയും പോയിട്ടില്ല. ഡാന്‍സില്‍ കിട്ടിയിരിക്കുന്ന നല്ല ബെയ്‌സിന്റെ ഗുണമാണത്. അതുകേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. അന്നു രാത്രിതന്നെ ഞാന്‍ അമ്മയെ വിളിച്ച് ഗീതടീച്ചര്‍ പറഞ്ഞതെല്ലാം പറഞ്ഞു,” മഞ്ജു കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier wishes dance teacher geetha padmakumar on birthday