ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ശ്രദ്ധ നേടി താരമാണ് ആര്യ. അഭിനയം, നൃത്തം, അവതാരണം എന്നീ മേഖലകളിലും ആര്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാള രണ്ടാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ആര്യ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഉടമസ്ഥതിയിൽ ആരംഭിച്ച കാഞ്ചീവരം എന്ന ബുട്ടീക്കിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആര്യയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അധികവും നിറയുന്നത്. മകൾ റോയ തന്നെയാണ് ബുട്ടീക്കിന്റെ ഉദ്ഘാടകയായത്. മഞ്ജു വാര്യർ ബുട്ടീക്ക് സന്ദർശിച്ചതിന്റെ ദൃശ്യങ്ങളാണ് ആര്യ പങ്കുവച്ചിരിക്കുന്നത്.
“ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് വർണിക്കാനാകില്ല. ഇത് അത്തരത്തിലൊരു നിമിഷമായിരുന്നു. ചേച്ചി ഒരുപാട് നന്ദി” മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ കുറിച്ചു. ബുട്ടീക്കിൽ നിന്ന് ഒരു സാരിയും മഞ്ജു വാങ്ങി. ആര്യയെ അഭിനന്ദിച്ചു കൊണ്ടു മഞ്ജുവും ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്.

2018 നവംബറിൽ ആയിരുന്നു ആര്യയുടെ അച്ഛൻ സതീഷ് ബാബുവിന്റെ മരണം. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആര്യ ഏറ്റെടുക്കുകയായിരുന്നു. നർത്തകിയും അവതാരകയുമായ ആര്യ അഭിനേത്രി എന്ന രീതിയിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. പതിനഞ്ചോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ആര്യ അവതരിപ്പിച്ചിട്ടുണ്ട്.