മഞ്ജു വാര്യരെ സംബന്ധിച്ച് കടന്നു പോയ വര്‍ഷം ഒരു ‘ലാന്‍ഡ്‌മാര്‍ക്ക് ഇയര്‍’ ആയിരുന്നു എന്ന് പറയാം. വ്യക്തിപരമായും ജോലി സംബന്ധമായും നിര്‍ണ്ണായകമായിരുന്നു 2017 അവര്‍ക്ക്. എന്നാല്‍ വ്യക്തിജീവിതത്തിലെ തിരിച്ചടികള്‍ക്കിടയിലും ‘ഉദാഹരണം സുജാത’യിലൂടെ അഭിനയത്തിലേക്ക്, അതിന്‍റെ സ്വാഭാവികതയിലേക്ക് മഞ്ജു ഉജ്ജ്വലമായ തിരിച്ചു വരവ് നടത്തി. ‘ഹൌ ഓള്‍ഡ്‌ ആര്‍ യൂ’വിന് ശേഷം ബോക്സ്‌ ഓഫീസില്‍ വലിയ വിജയം കണ്ട മഞ്ജു ചിത്രമായി ‘ഉദാഹരണം സുജാത’.

അതിന് ശേഷം വന്ന മോഹന്‍ലാലിന്‍റെ ‘വില്ലന്‍’, മഞ്ജുവിന്‍റെ കരിയറില്‍ അനുരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാതെ കടന്നു പോയി. മഞ്ജുവിന്‍റെതായി ഇനി വരാനിരിക്കുന്നത് മൂന്നു ചിത്രങ്ങളാണ് – കമലിന്‍റെ ‘ആമി’, വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ‘ഒടിയന്‍’, സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്നിവ. അവരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഇക്കൊല്ലം ശമനമുണ്ടാകുമോ എന്ന് ഉറപ്പിക്കാനാവില്ലെങ്കിലും അഭിനയ ജീവിതത്തിനു പ്രതീക്ഷയര്‍പ്പിക്കാനും മാറ്റ് കൂട്ടാനുമുള്ള സാധ്യതകള്‍ തുറന്നു വയ്ക്കുന്നതാണ് ഈ മൂന്നു ചിത്രങ്ങളും.

 

ആമി.  നിര്‍മ്മാണത്തിന്‍റെ ആദ്യ ഘട്ടം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നായികയായി നിശ്ചയിചിരുന്നത് വിദ്യാ ബാലനെയായിരുന്നു. അപ്രതീക്ഷിതമായി അവര്‍ പിന്‍വാങ്ങിയപ്പോള്‍ കൈകൊടുത്താണ് മഞ്ജു ‘ആമി’യ്ക്ക്.

മഞ്ജു ‘ആമി’യാകാന്‍ പറ്റുമോ, മഞ്ജുവിന്‍റെ ‘ആമി’യെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതിനെചൊല്ലിയൊക്കെ ചര്‍ച്ചകള്‍ ഇപ്പോള്‍ത്തന്നെ സജീവമാണ്. ചിത്രത്തിന്‍റെ ഇത് വരെ കണ്ട ശകലങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍, വിവാദങ്ങള്‍ ഇവയെല്ലാം തന്നെ ‘ആമി’യ്ക്കായുള്ള കാത്തിരിപ്പിന് കൂടുതല്‍ ഉദ്വേഗം പകരുന്നു.

സംവിധായകന്‍ കമലുമായി മഞ്ജു ഇതിനു മുന്‍പ് സഹകരിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ വിജയം കണ്ടവയായിയിരുന്നു. ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’, ‘ഈ പുഴയും കടന്ന്’ എന്നിവയാണ് ആ ചിത്രങ്ങള്‍. കമലിന്‍റെ സംവിധാന സഹായിയായി ആണ് മഞ്ജുവിന്‍റെ മുന്‍ ഭര്‍ത്താവ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്‌. അതിനാല്‍കൂടി വര്‍ഷങ്ങളായുള്ള സൗഹൃദമാണ് സംവിധായകന്‍ കമലുമായി മഞ്ജുവിനുള്ളത്. ‘ആമി’ സിനിമ നിര്‍ണ്ണായക ഘട്ടത്തില്‍ നിന്ന് പോകുന്ന അവസ്ഥ വന്നപ്പോഴാണ് സംവിധായകന്‍ മഞ്ജുവിനെ സമീപിച്ചത്.

‘ആമി’യായി മഞ്ജു

മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്ന് മഞ്ജു ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തിനെതിരെ വര്‍ഗീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ മഞ്ജു പറഞ്ഞതിങ്ങനെ.

“മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയിൽ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയർന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാൻ ഇതിൽ അഭിനയിക്കുന്നത് എന്‍റെ രാഷ്ട്രീയത്തിന്‍റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്‍റെ സംവിധായകൻ കമൽസാറിനെ ചുറ്റിയുളള രാഷ്ട്രീയചർച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമൽ സാർ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്‍റെ ‘ഈ പുഴയും കടന്നും’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തും’ പോലെയുള്ള സിനിമകൾ എന്‍റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമൽ സാറിന്‍റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവർഷത്തിനുശേഷം ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോൾ ഉള്ളിൽ.

ഭാരതത്തിൽ ജനിച്ച ഏതൊരാളെയും പോലെ ‘എന്‍റെ രാജ്യമാണ് എന്‍റെ രാഷ്ട്രീയം’. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തിൽ ദീപാരാധന തൊഴുന്നയാളാണ് ഞാൻ. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോൾ പ്രണമിക്കുകയും ചെയ്യുന്നു.”, ഇതായിരുന്നു മഞ്ജു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍.

 

ഒടിയന്‍, മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം. ലാല്‍ – മഞ്ജു കൂട്ടുകെട്ടിലുള്ള ചിത്രങ്ങള്‍ വിജയിക്കാതെ പോകുന്നത് വിരളം. അവര്‍ രണ്ടു പേരും തമ്മിലുള്ള ‘ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി’ മലയാളിക്ക് മടുക്കാത്ത ഒന്നാണ്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. എങ്കിലും ലാലിന്‍റെ നായിക തന്നെയാകും എന്നതില്‍ സംശയമില്ല. മൂന്നു ജീവിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹന്‍ലാലിന് മാത്രമല്ല നായികയായി എത്തുന്ന മഞ്ജുവിനും ഒടിയന്‍ വലിയൊരു വെല്ലുവിളിയാണെന്ന് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. “ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനില്‍ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രം. മോഹന്‍ലാലിനോടും പ്രകാശ് രാജിനോടും മത്സരിച്ച് അഭിനയിക്കേണ്ട തരത്തിലുള്ള കഥാപാത്രമാണ് മഞ്ജുവിന് വേണ്ടി മാറ്റി വെച്ചത്. മൂന്ന് വ്യത്യസ്ത ലുക്കുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുപതുകളില്‍ നിന്ന് മുപ്പത്തഞ്ചിലേക്കും അന്‍പതിലേക്കുമുള്ള മേക്കോവറാണ് പ്രധാന പ്രത്യേകത”എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീകുമാര്‍ മേനോന്‍, ഐശ്വര്യാ റായ് എന്നിവര്‍ക്കൊപ്പം

മഞ്ജുവിന്‍റെ തിരിച്ചു വരവിലെ ആദ്യ പരസ്യചിത്രം സംവിധാനം ചെയ്തത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. അതിനു ശേഷം ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒട്ടനവധി പരസ്യ ചിത്രങ്ങളില്‍ മഞ്ജു വേഷമിട്ടിട്ടുണ്ട്. മലയാളം കാണാനിരിക്കുന്ന ‘ബ്രഹ്മാണ്ഡ ചിത്രം’ എന്നത് മാത്രമല്ല, തന്‍റെ രണ്ടാം വരവിന് തുടക്കം കുറിച്ചസഹപ്രവര്‍ത്തകന്‍റെ സിനിമാ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന ചിത്രം കൂടിയാണ് മഞ്ജുവിനെ സംബന്ധിച്ച് ‘ഒടിയന്‍’.

മോഹന്‍ലാല്‍.  താന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് പല വട്ടം പറഞ്ഞിട്ടുള്ളയാളാണ് മഞ്ജു വാര്യര്‍. അങ്ങനെയുള്ള ഒരു കട്ട ലാല്‍ ഫാനിനെ അവതരിപ്പിക്കുകയാണ് മഞ്ജു ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍.

‘ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍’ എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാലില്ലാത്ത ‘മോഹന്‍ലാല്‍’ എന്ന ചിത്രം എത്തുന്നത്.   സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാനായ വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. മീനുക്കുട്ടിയെന്നാണ് കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലിന്‍റെ ആദ്യ സിനിമയായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ 1980കളിലെ ക്രിസ്മസ് റിലീസായാണ് തിയേറ്ററില്‍ എത്തുന്നത്. അന്നേ ദിവസം ജനിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലൂടെയാണ് ‘മോഹന്‍ലാല്‍’ പുരോഗമിക്കുന്നത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍.

ബാലചന്ദ്ര മേനോന്‍, ഉഷ ഉതുപ്പ്, മണിയന്‍പിള്ള രാജു, കെ.പി.എ.സി ലളിത, അജു വര്‍ഗീസ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മോഹന്‍ലാല്‍’. മൈന്‍ഡ്‌സെറ്റ് മൂവീസിന്‍റെ ബാനറില്‍ അനില്‍ കുമാര്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ