സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ’10 ഇയർ ചലഞ്ചാ’ണ് ട്രെൻഡായി കൊണ്ടിരിക്കുന്നത്. ഒരു പതിറ്റാണ്ടു മുൻപത്തെ പഴയ ഫോട്ടോകൾക്കൊപ്പം പുതിയ ചിത്രങ്ങളും പോസ്റ്റ് ചെയ്ത് ഇക്കാലയളവു കൊണ്ട് എത്രത്തോളം മാറിയെന്ന് പറഞ്ഞ് ഞെട്ടിക്കുകയാണ് പലരും. പഴയതിലും പ്രായം കുറഞ്ഞും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മേക്ക് ഓവർ ഗെറ്റപ്പുമായൊക്കെ പരസ്പരം ഞെട്ടിച്ചും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയുമൊക്കെ ചെയ്യുന്ന ചലഞ്ച് വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ കത്തികയറിയത്. സാധാരണക്കാരും വിദ്യാർത്ഥികളും മുതൽ സെലബ്രിറ്റികൾ വരെ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.
ടൊവിനോയുടെയും മഞ്ജുവാര്യരുടെയും ചലഞ്ചുകളാണ് ഇക്കൂട്ടത്തിൽ ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയ ചലഞ്ച്. 2009 ൽ കോളേജ് കാലത്തെ ചിത്രത്തിനൊപ്പമാണ് ടൊവിനോ തന്റെ ഏറ്റവും പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ ഫോട്ടോയിലും ഫ്രീക്ക് സ്റ്റൈലിലാണ് താരം. പഴയകാല ഫോട്ടോകൾ നഷ്ടപ്പെടാതിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോവുന്നു എന്നാണ് ഫോട്ടോയ്ക്കൊപ്പം ടൊവിനോ കുറിക്കുന്നത്. 2009-ലെ ഇരിങ്ങാലക്കുടയിലെ മെയിൻ ഫ്രീക്കൻ, പണ്ടേ ഫ്രീക്കനാണല്ലോ തുടങ്ങിയ കമന്റുകളോടെയാണ് ആരാധകർ താരത്തിന്റെ ചലഞ്ചിനെ വരവേറ്റിരിക്കുന്നത്.
ഗംഭീരമായ മാറ്റമാണ് ടൊവിനോയുടെ #10YearChallenge ന്റെ പ്രത്യേകതയെങ്കിൽ 20 വർഷം കഴിഞ്ഞിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലാത്ത മഞ്ജുവാര്യരെ ഓർമ്മിപ്പിക്കുകയാണ് സന്തോഷ് ശിവൻ. തന്റെ ഫെയസ്ബുക്ക് പേജിലാണ് ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ മഞ്ജു വാര്യരുടെ രണ്ടു കാലഘട്ടങ്ങളിലെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജുവിന്റെ 1998ലെ ചിത്രവും 2018ല്‍ എടുത്ത ചിത്രവുമാണ് സന്തോഷ് ശിവന്‍ പങ്കുവെച്ചിരിക്കുന്നത്. മുല്ലപ്പൂവും ആഭരണങ്ങളുമൊക്കെയണിഞ്ഞ് ട്രെഡീഷണൽ ലുക്കിലാണ് മഞ്ജു ഇരു ഫോട്ടോകളിലും.
Read more: പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഞാന്‍: 10 ഇയര്‍ ചാലഞ്ചുമായി താരങ്ങള്‍
ഇരുപതു വര്‍ഷങ്ങള്‍ക്കൊന്നും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല അന്നും ഇന്നും ഒരേപോലെയിരിക്കുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ലുക്ക് അല്ല ആറ്റിറ്റ്യൂഡ് ആണ് മാറിയതെന്നും ചിലർ അഭിപ്രായപ്പെടുന്നു. പഴയ ചിത്രത്തിനൊപ്പം ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിലെ സ്റ്റിലാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ സന്തോഷ് ശിവൻ പങ്കുവെച്ചിരിക്കുന്നത്.
‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്റ് ജില്ലി’ലാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തില്‍ മഞ്ജുവിനു പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ശിവനും, മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ് ‘ജാക്ക് ആന്റ് ജിൽ’.