ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യര്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചോ? നല്ല തിരുവനന്തപുരം ഭാഷയാണ്. തന്‍റെ സിനിമകളിലേറെയും പൊതുവില്‍ ജീവിതത്തിലും, മഞ്ജു ഉപയോഗിക്കുന്നത് വള്ളുവനാടന്‍ മലയാളമാണ്. ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് തിരുവനന്തപുരംകാരുടെ മലയാളം.

മഞ്ജുവിനെ സുജാതയാക്കിയതില്‍ ചെറുതെങ്കിലും പ്രധാനപെട്ട ഒരു പങ്കു വഹിച്ച ആ ഭാഷാ രീതി മഞ്ജുവിലേക്ക് എത്തിച്ചത് സ്മിതയാണ്. സിനിമാ – നാടക നടിയും ഇപ്പോള്‍ ശബ്ദകലാകാരിയുമായ സ്മിത അംബു. മഞ്ജുവിന്‍റെ സംസാരത്തിലേക്ക് കഥാപാത്രത്തിന്റെ ഭാഷ ഇണക്കി ചേര്‍ത്ത അനുഭവം ഐഇ മലയാളവുമായി പങ്കു വയ്ക്കുകയാണ് സ്മിത.

‘സിനിമയുടെ ഡബ്ബിങ് സമയത്താണ് തിരുവനന്തപുരം ഭാഷ പറയാന്‍ സഹായത്തിനായി എന്നെ വിളിക്കുന്നത്‌. ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ചെങ്കല്‍ചൂള പ്രദേശത്തെ ആളുകളുമായി ഇടപഴകി, അവരുടെ സംസാരരീതികള്‍ കുറെയൊക്കെ പഠിച്ചിരുന്നു മഞ്ജു ചേച്ചി. ഡബ്ബിങ് ചെയ്യുമ്പോള്‍ ഓരോ ഡയലോഗും ശ്രദ്ധിച്ച് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോയത്.’

ഓരോന്നും കൃത്യമായിത്തന്നെ വേണമെന്ന് ആ ടീമിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതിനു വേണ്ടി എത്ര സമയം വേണമെങ്കിലും ചിലവാക്കാനും സംവിധായകന്‍ ഫാന്റം പ്രവീണും നിര്‍മ്മാതാക്കള്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജോ എന്നിവരും ഒരുക്കമായിരുന്നുവെന്നും സ്മിത പറയുന്നു.

സംവിധായകന്‍ ഫാന്റം പ്രവീണ്‍, മഞ്ജു വാര്യര്‍, സ്മിത അംബു

‘മഞ്ജു വാര്യര്‍ എന്ന വ്യക്തി വളരെ നിര്‍മലയായ ഒരാളാണ്. സ്വഭാവത്തില്‍, പ്രത്യേകിച്ച് സംസാരത്തില്‍, സൗമ്യതയും ബഹുമാനവുമുണ്ട്. ഉച്ചത്തില്‍ സംസാരിക്കില്ല, വാക്കുകള്‍ നന്നായി ഉച്ചരിക്കും, ഭാഷാ ശുദ്ധിയുണ്ട്. ഇതെല്ലാം കൂടി ചേര്‍ന്ന് അവരുടെ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഉണ്ടാകുന്ന ഒരു ‘മഞ്ജുത്വ’ മുണ്ട്. സുജാതയ്ക്ക് അത് വേണ്ട. വീട്ടു ജോലിയെടുക്കുന്ന, ചേരിയില്‍ താമസിക്കുന്ന, വിദ്യാഭ്യാസം കുറഞ്ഞ ഒരു സ്ത്രീയാണവര്‍,’  കഥാപാത്രത്തിന്‍റെ ഭാഷയിലേക്കുള്ള യാത്രയെക്കുറിച്ച് സ്മിത വിശദീകരിച്ചു.

‘ഒതുക്കമാണ് മഞ്ജുചേച്ചിയുടെ മുഖ മുദ്ര. എന്നാല്‍ ഇതിലെ ചില രംഗങ്ങള്‍ക്ക് തുറന്ന, മയമില്ലാത്ത ശബ്ദമാണ് വേണ്ടത്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ശബ്ദത്തില്‍ നന്നായി വരുത്തിയിട്ടുണ്ട്. പിന്നെ ചില വാക്കുകള്‍, പ്രയോഗങ്ങള്‍ ഇവയൊക്കെ തിരുവനന്തപുരം രീതിയിലേക്ക് മാറ്റി. ഉദാഹരണത്തിന്, ‘മോള്‍ ഏതു ക്ലാസ്സില്‍ പഠിക്കുന്നു’ എന്നു ചോദിക്കുമ്പോള്‍ ‘പത്തിൽ പഠിക്കുന്നു ‘, എന്ന ഉത്തരത്തിനെ, ‘പത്തീ’ , എന്ന ഒറ്റ വാക്കിലേക്ക് മാറ്റി. ഇതിന് സഹായകം ആയത് സ്വന്തം വീട്ടിലെ തന്നെ കുടുംബശ്രീ തൊഴിലാളി ആയ ഉഷ ചേച്ചിയുടെ സംസാരരീതികൾ ആണ് ! സുഹൃത്തുക്കളോടും ചില വാക്കുകൾക്ക് പകരം പ്രാദേശികമായി എന്തുപയോഗിക്കാം എന്ന് ചോദിച്ചു മനസിലാക്കിയിട്ടുണ്ട്.

പിന്നെ തിരുവനന്തപുരം ഭാഷയുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് ഇവിടത്തുകാര്‍ സംസാരിക്കുമ്പോള്‍ അവസാനത്തെ വാക്ക് വളരെ ഉച്ചത്തില്‍ പറയും. വാചകം തുടങ്ങുമ്പോള്‍ ഉള്ള ഡെസിബല്‍ അല്ല തീരുമ്പോള്‍.’

തിരുവനന്തപുരം ശൈലി അവലംബിക്കുമ്പോള്‍ തന്നെ അത് ഒരു കാരിക്കേച്ചറായിപ്പോകാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നും സ്മിത കൂട്ടിച്ചേര്‍ത്തു.

‘സാധാരണ പ്രാദേശിക ഭാഷ മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അതൊരു കളിയാക്കല്‍ പോലെ തോന്നും. അതുണ്ടാവാതിരിക്കാന്‍ ആദ്യമേ ശ്രദ്ധിച്ചിരുന്നു. പിന്നെ നമ്മള്‍ നില്‍ക്കുന്ന ഒരു അന്തരീക്ഷം നമ്മുടെ ഭാഷയും സ്വരത്തെയുമെല്ലാം സ്വാധീനിക്കും. സുജാത ജോലിയെടുക്കാന്‍ പോകുന്ന വീടുകളില്‍ അവള്‍ സംസാരിക്കുന്നത് അവള്‍ വീട്ടില്‍ സംസാരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായിട്ടാണ്. കൂടാതെ സുജാത എന്ന കഥാപാത്രത്തിന് ഒരു വളര്‍ച്ചയുണ്ട്. വിദ്യാഭ്യാസം ഇല്ലാത്ത ഒരാളില്‍ നിന്നും വിദ്യാഭ്യാസം നേടുന്ന ഒരാളായി അവര്‍ മാറുന്നുണ്ട്. അപ്പോള്‍ അവരുടെ ഭാഷയും മാറണം.’

 

നിറഞ്ഞ സദസ്സുകളില്‍ ‘ഉദാഹരണം സുജാത’ പ്രദര്‍ശനം തുടരുമ്പോള്‍ സ്മിതയ്ക്കും തന്‍റെ ഭാഷയുടെ വ്യതിയാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതിന്റെ നുറുങ്ങ് സന്തോഷം.

‘നമ്മുടെ സിനിമയില്‍ പലപ്പോഴും അച്ചടി ഭാഷയാണ് ഉപയോഗിക്കുന്നത്. എല്ലാ കഥാപാത്രങ്ങളുടെയും ഭാഷ മലയാളം മാഷുമാര്‍ സംസാരിക്കുന്നത് പോലെ വ്യക്തവും വടിവൊത്തതുമാണ്. അങ്ങനെയല്ലല്ലോ ജീവിതത്തില്‍,’ കര്‍ണാടകയിലെ നീനാസത്തില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമയും – 2 വർഷത്തെ റെപേർട്ടറിയും പൂര്‍ത്തിയാക്കിയ സ്മിത പറയുന്നു.

‘ശബ്ദം, അത് ഉപയോഗിക്കുന്ന രീതിയില്‍ ഉള്ള മാറ്റങ്ങള്‍, ഇവയ്ക്കൊക്കെ വലിയ സാധ്യതകളുണ്ട് സിനിമയില്‍. മലയാളത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ കൂടുതലായി ഉണ്ടാവണം എന്ന് ആഗ്രഹമുണ്ടെന്ന്,’ അഭിനയത്തിലും ഡബ്ബിങ്ങിലും ഒരു പോലെ താല്പര്യമുള്ള സ്മിത.

സ്മിത അംബു

‘പതിനാലു വര്‍ഷത്തോളമായി ചെയ്തു വരുന്ന നാടകമാണ് എന്‍റെ പ്രധാന തട്ടകം. അഭിനയവും ശബ്ദ ക്രമീകരണവുമൊക്കെ പഠിച്ചതും അവിടെ നിന്നുമാണ്. ജപ്പാനിലെ ഓഹ്ടോ ഷോഗോ മേളയില്‍ ശങ്കര്‍ വെങ്കിടേശ്വരന്‍റെ തിയേറ്റര്‍ റൂട്സ് ആന്‍ഡ്‌ വിങ്ങ്സിനോടൊപ്പമായിരുനു ഏറ്റവുമൊടുവില്‍ അരങ്ങിലെത്തിയത്.’

വിപിന്‍ വിജയ്‌ സംവിധാനം ചെയ്ത് അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടിയ ‘ചിത്രസൂത്ര’ മാണ് സ്മിതയുടെ ആദ്യ ചിത്രം. ‘കൊച്ചവ്വ പൗലോ – അയ്യപ്പ കൊയ്‌ലോ’,’ വെളുത്ത രാത്രികള്‍’ എന്നീ ചിത്രങ്ങളില്‍ പ്രധാനപെട്ട വേഷങ്ങള്‍ ചെയ്തു. ഇപ്പോള്‍ ഡബ്ബിങ് രംഗത്തും സജീവയായ സ്മിത ‘ക്രോസ് റോഡ്സ്’ എന്ന ചിത്രത്തില്‍ മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു രാത്രിയുടെ കൂലി’യില്‍’ പദ്മപ്രിയയ്ക്ക് ശബ്ദം നല്‍കി. കന്നഡ സിനിമകളിലും ഡബ്ബിങ് ചെയ്യുന്നുണ്ട്.

‘മധുപാല്‍ സാര്‍ സംവിധാനം ചെയ്ത ‘കാളി ഗണ്ഡകി’ എന്ന സീരിയലില്‍ മൂന്ന് കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തു. മൂന്നും മൂന്ന് പ്രായത്തിലും ജീവിത സാഹചര്യങ്ങളിലുമുള്ളവരാണ്. അതൊരു നല്ല അനുഭവമായിരുന്നു.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ