അപകടസമയത്ത് പ്രാർഥനകളും സ്നേഹവുമായി കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. താനും സംഘവും പൂർണമായും സുരക്ഷിതരാണെന്നും രക്ഷാപ്രവർത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു. സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജു അടങ്ങുന്ന സംഘം കനത്ത മഴയെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഇടപെട്ട് ഹിമാചൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയിൽ എത്തിക്കുകയായിരുന്നു. സാഹസികയാത്രയുടെ വീഡിയോയും മഞ്ജു പങ്കുവച്ചു.

“ഹിമാലയത്തിലെ ഷിയാഗോരു, ഛത്രു പ്രദേശങ്ങളിൽ കഴിഞ്ഞ ആറുദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും മഞ്ഞുവീഴ്ചയിലും പെട്ടിരിക്കുകയായിരുന്ന ഞാനും സനൽ കുമാർ ശശിശധരനും ‘കയറ്റം’ സിനിമയുടെ അണിയറക്കാരും സുരക്ഷിതമായി അർധരാത്രിയോടെ മണാലിയിൽ തിരിച്ചെത്തിയ സന്തോഷവും പൂർണമായും സുരക്ഷിതരാണെന്നും സന്തോഷത്തോടെ അറിയിക്കുന്നു. രക്ഷാപ്രവർത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവർക്കും നന്ദി. നിങ്ങൾ ഓരോരുത്തരുടെയും കരുതലിനും സ്നേഹത്തിനു പ്രാർഥനയ്ക്കും നന്ദി. കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ ഞെട്ടിപ്പോയി. കഴിഞ്ഞ വർഷത്തെ പോലെ തന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ച് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു,” മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി കനത്ത മഴയിൽ ആയിരുന്നു ഛത്രു. കനത്ത മഴയും മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും കാരണം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുണ്ടായിരുന്നത്.

‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Read more: ഹിമാചലിൽ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook