മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ പിറന്നാളായിരുന്നു ഇന്നലെ. ആരാധകരും സുഹൃത്തുക്കളും അടക്കമുളളവർ പ്രിയതാരത്തിന് ആശംസകൾ നേർന്നിരുന്നു. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
”എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്തു. നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹം തിരികെ നൽകുന്നു, ഇതായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. നിറചിരിയോടെയുളള മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത് രാജീവൻ ഫ്രാൻസിസാണ്.
ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജു ഇപ്പോൾ ഭോപ്പാലിലാണ്. ബോളിവുഡ് സിനിമാ സെറ്റിൽ വച്ചാണ് മഞ്ജു തന്റെ 43-ാം പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് വളരെ ലളിതമായിട്ടായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ലോകത്ത് വൈറലായി മാറിയിട്ടുണ്ട്.
മഞ്ജു വാര്യർ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് വളരെ സ്പെഷൽ ആയൊരു വ്യക്തിയാണ്, താരം എന്നതിനേക്കാൾ വീട്ടിലെ ഒരംഗത്തെ പോലെയോ കൂടപിറപ്പിനെ പോലെയോ ഒക്കെ മഞ്ജുവിനെ നോക്കി കാണുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. ഒരു പ്രത്യേക ഇഷ്ടംതന്നെ മലയാളികൾക്ക് മഞ്ജുവിനോടുണ്ട്. അതുകൊണ്ടു കൂടിയാവാം, 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ മഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.
Read More: മഞ്ജുവിനും ഗീതുവിനുമൊപ്പം സംയുക്തയും; താരസുന്ദരികളുടെ ചിത്രം വൈറൽ