മഞ്ജു വാര്യര്‍ തമിഴ് സിനിമയിലേക്ക് കാല് വയ്ക്കുന്ന ചിത്രമാണ് വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന ‘അസുരന്’. ചിത്രത്തില്‍ ഡബിള്‍ റോളില്‍ ആണ് ധനുഷ് എത്തുന്നത്. അച്ഛന്-മകന് എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രമായാവും ധനുഷ് എത്തുക എന്ന് സംവിധായകന് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. രണ്ടു ലൂക്കിലും ഉള്ള ധനുഷിന്റെ ഫോട്ടോയും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.
ചിത്രത്തില്‍ ധനുഷിന്റെ ഭാര്യാ വേഷമാണ് മഞ്ജുവിനു എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. നായിക മഞ്ജു വാര്യരെക്കുറിച്ചും വികടന് മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ വെട്രിമാരന് പരാമര്‍ശിച്ചു.
“ഇതാണ് (കഥയുടെ) ഐഡിയ എന്ന് ഞാന്‍ അവരോട് പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു വരാന്‍ തയ്യാറായി. സ്പോട്ടില്‍ വന്നു ഉത്സാഹത്തോടെ ഷൂട്ടിംഗ് തീര്‍ത്തതിനു ശേഷം മാത്രമേ അവര്‍ കരവാനിലെക്ക് മടങ്ങി പോവുകയുള്ളൂ. മലയാളത്തിലെ മുന്‍നിര നടി എന്നൊക്കെയുള്ള ഭാവമൊന്നുമില്ലാതെ, തികഞ്ഞ സ്നേഹത്തോടെയും സഹകരണത്തോടെയുമാണ് മഞ്ജു ഇടപെടുന്നത്. മനോഹരമായി അഭിനയിച്ചിട്ടുണ്ട് അവര്‍ ഈ ചിത്രത്തില്‍. ആ കഥാപാത്രത്തെ മഞ്ജുവോളം നന്നായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല,”, വെട്രിമാരന് പറഞ്ഞു.
‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുന്‍പ് തന്നെ റിലീസ് ചെയ്തിരുന്നു. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഈണമൊരുക്കുന്നത് ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.
ഒന്നോ രണ്ടോ മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമാകുന്ന നടിമാർ വരെ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡ് ചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറുമ്പോൾ മലയാള സിനിമയിൽ തന്നെ നിലയുറപ്പിച്ച അപൂർവ്വം അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇതരഭാഷാ സിനിമകളിലേക്കുള്ള മഞ്ജു വാര്യരുടെ പ്രവേശനം എപ്പോഴാണെന്ന ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്നപ്പോഴും അതിനുള്ള അവസരങ്ങൾ വരട്ടെയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. അനുരാഗ് കശ്യപിനൊപ്പം മഞ്ജു സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ചിത്രവും അമിതാഭ് ബച്ചൻ, പ്രഭു, ഐശ്വര്യ റായ്, നാഗാർജുന എന്നു തുടങ്ങി ഇതരഭാഷാ സിനിമകളിലെ താരങ്ങൾക്കൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുള്ള സൗഹൃദവുമെല്ലാം മഞ്ജു വാര്യർ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾക്കു വഴിവെച്ചിട്ടുണ്ട്. ഒടുവിൽ നിരവധി ഊഹോപഹോങ്ങൾക്കു ശേഷം തന്റെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മഞ്ജു.
Read More: വെട്രിമാരന്റെ ‘ആണ്’ സിനിമകളിലേക്ക് മഞ്ജു വാര്യര്‍ കടന്നു ചെല്ലുമ്പോള്‍