മലയാളത്തിന്റെ മഞ്ജു വാര്യര്‍ക്ക് ഒരാഗ്രഹമുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ലത്. കുറേ കാലമായി. പക്ഷെ ആഗ്രഹം നടക്കണമെങ്കില്‍ മമ്മൂട്ടി കൂടി വിചാരിക്കണം! അതെ, മഞ്ജുവിന്റെ വലിയ ആഗ്രഹമാണത്രെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു ഫ്രെയിമില്‍ വരിക എന്നത്. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

‘മമ്മൂക്കയോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് പണ്ടുമുതലേ ഉള്ള ആഗ്രഹമാണ്. അന്നത് നടന്നില്ല. തിരിച്ചു വരവില്‍ ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന, ഹാന്‍സമായ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ. ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഒരു ഭാഗ്യമാണത്’ മഞ്ജു പറയുന്നു.

മോഹന്‍ലാലിനെക്കുറിച്ചും മഞ്ജുവിന് ചിലതു പറയാനുണ്ടായിരുന്നു. ‘ലാലേട്ടനൊപ്പം അഭിനയിച്ച ഓരോ നിമിഷവും മനസില്‍ കാത്തുവയ്ക്കാം. മറ്റുള്ളവരോടു പെരുമാറുന്നതു മുതല്‍ അഭിനയിക്കുന്നതു വരെ ലാലേട്ടനില്‍ നിന്നു പഠിക്കാം.’ ‘ഗോഡ്‌സ് ചോസണ്‍ സണ്‍’ എന്നാണ് താന്‍ ലാലേട്ടനെ വിളിക്കാറെന്നും മഞ്ജു വനിതയില്‍ പറയുന്നു.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് മലയാള സിനിമയിലെ പുരുഷന്മാര്‍ക്കെതിരെ ഉള്ള സംഘടനയല്ലെന്നും, മലയാള സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുവേദിയാണതെന്നും മഞ്ജു അഭിമുഖത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ പിന്തുണയോടെ പെന്‍ഷന്‍ പദ്ധതികളും സിനിമാ പഠനത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പുകളും ആവിഷ്‌കരിക്കുന്നതുള്‍പ്പെടെ സംഘടനയുടെ ലക്ഷ്യങ്ങളാണെന്നും മഞ്ജു വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ