മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർക്ക് ഒപ്പം പുതിയ ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് യുവനടന്മാരിൽ ശ്രദ്ധേയനായ സണ്ണി വെയ്ൻ. മഞ്ജു വാര്യർക്കൊപ്പമുള്ള പുതിയ ചിത്രം കരാറായ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അനൗൺസ് ചെയ്തിരിക്കുകയാണ് സണ്ണി. മഞ്ജുവിനൊപ്പമുള്ള ചിത്രവും സണ്ണി വെയ്ൻ പങ്കു വച്ചിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
പുതിയ ചിത്രത്തിന് ആശംസകളുമായി അഹാന കൃഷ്ണ, പേളി മാണി, ഗൗരി കിഷൻ, ഗൗതമി നായർ, പാരീസ് ലക്ഷ്മി തുടങ്ങിയ നടിമാരും രംഗത്തെത്തിയിട്ടുണ്ട്.
View this post on Instagram
Signed up the next movie with awesome Manju warrior. Excited!!!! @manju.warrier @jisstoms
രജിഷ വിജയൻ കേന്ദ്രകഥാപാത്രമായി എത്തിയ ‘ജൂൺ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ സണ്ണി വെയ്ൻ ചിത്രം. ചിത്രത്തിലെ മൂന്നു നായകന്മാരിൽ ഒരാളായിരുന്നു സണ്ണി. ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ ‘ഫ്രഞ്ച് വിപ്ലവം’ എന്ന ചിത്രത്തിലെ നായകനും സണ്ണി വെയ്ൻ ആയിരുന്നു.
‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന് ഒപ്പമായിരുന്നു സണ്ണി വെയ്നിന്റെയും മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ കുരുടി എന്ന കഥാപാത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘ആട് ഒരു ഭീകര ജീവിയാണ്’, ‘മോസയിലെ കുതിര മീനുകൾ’, ‘കൂതറ’, ‘നീ കോ ഞാ ചാ’, ‘ആട് 2’, ‘അലമാര’, ‘ഫ്രഞ്ച് വിപ്ലവം’, ‘പോക്കിരി സൈമൺ’, ‘കായംകുളം കൊച്ചുണ്ണി’, ‘ആൻ മരിയ കലിപ്പിലാണ്’, ‘അന്നയും റസൂലും’, ‘ഡബിൾ ബാരൽ’, ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’, ‘ജൂൺ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘കായംകുളം കൊച്ചുണ്ണി’യിലെ കേശവൻ എന്ന കഥാപാത്രം അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: അവനൊരു ചാൻസ് കൊടുത്തതിനു നന്ദി കുഞ്ചൂ; സണ്ണി വെയ്നിന്റെ ഭാര്യയോട് ദുൽഖർ
‘അസുരൻ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ മഞ്ജു ചിത്രം.ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. രണ്ടാം വരവിൽ ഇതുവരെ മഞ്ജു അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും മികച്ച കഥാപാത്രം എന്നാണ് അസുരനിലെ കഥാപാത്രത്തെ നിരൂപകർ വിശേഷിപ്പിക്കുന്നത്.
അസുരന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മലയാളത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്ത മഞ്ജുവാര്യർ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് ഇപ്പോൾ. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’, റോഷൻ ആൻഡ്രൂസ് ചിത്രം ‘പ്രതി പൂവൻകോഴി’ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. മഞ്ജുവും ഭാഗമായ പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറാ’ണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. 2020 മാർച്ചോടെയാവും ചിത്രം റിലീസിനെത്തുക എന്നാണ് റിപ്പോർട്ടുകൾ.
Read more: പുലി എന്നൊന്നും പറഞ്ഞാൽ പോരാ, അത്രയ്ക്ക് ബ്രില്യൻറ് ആയ ഒരാക്ടർ: ധനുഷിനെക്കുറിച്ച് മഞ്ജു വാര്യര്