/indian-express-malayalam/media/media_files/uploads/2018/08/Manju-Warrier-and-K-S-Chithra-sing-together.jpg)
Manju Warrier and K S Chithra sing together
മികച്ച ഗായികയ്ക്കുള്ള മഴവില്‍ മനോരമയുടെ മംഗോ സംഗീത പുരസ്‌കാരം ലഭിച്ച വിവരം ആരാധകരോട് പങ്കു വയ്ക്കുകയായിരിന്നു തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്ര. 'മൃദു മന്ദഹാസം' എന്ന 'പൂമര'ത്തിലെ ഗാനം ആലപിക്കാനായി തന്നെ തിരഞ്ഞെടുത്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍, ഗാനരചയിതാവും സംഗീതസംവിധായകനുമായ അറക്കല്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞ ചിത്ര ആ വേദിയിലെ ഏറ്റവും സന്തോഷകരമായ അനുഭവമായി പറഞ്ഞത് നടി മഞ്ജു വാര്യര്‍ക്കൊപ്പം ഒരു ഗാനം ആലപിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ചാണ്.
"എന്റെ കുഞ്ഞനുജത്തി മഞ്ജു വാര്യരോടൊപ്പം ഒരു പാട്ട് പാടാന്‍ കഴിഞ്ഞു എന്നത് ഇതിന്റെ ഹൈലൈറ്റ് ആയി ഞാന്‍ കരുതുന്നു. ആ യുണീക്ക് അനുഭവത്തിന് നന്ദിയുണ്ട് മഞ്ജു", എന്നാണ് കെ.എസ്.ചിത്ര സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. മഞ്ജുവിനോടൊപ്പം വേദിയില്‍ പാടുന്ന ചിത്രങ്ങളും ചിത്ര പങ്കുവച്ചു.
ചിത്രയുടെ ആദ്യകാല ഗാനങ്ങളില്‍ ഒന്നായ 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍' എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് സ്റ്റേജില്‍ ആലപിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത 'നോക്കെത്താദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ചു ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ഗാനം 1985ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ചിത്രയ്ക്ക് നേടിക്കൊടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.