മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ മാത്രമല്ല ഗായികയെയും കണ്ടു ശീലിച്ചവരാണ് മലയാളികള്‍. നടിയുടെ ആദ്യക്കാല ചിത്രങ്ങളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ എന്ന ഗായികയെ പ്രേക്ഷകര്‍ അറിഞ്ഞത്. നര്‍ത്തകികൂടിയായ മഞ്ജു ജോ ആന്‍ഡ് ദി ബോയ്, ജാക്ക് ആന്‍ഡ് ജില് തുടങ്ങിയ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ഏഴോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന രതീഷ് ഏറ്റിലം സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിലും മഞ്ജുന്റേതായൊരു ഗാനമുണ്ട്. കാന്‍സറിനെതിരെ നടത്തിയ പ്രചരണപരിപാടിയായ കേരള കാനിനു വേണ്ടി മഞ്ജു ആലപിച്ച ഗാനവും ഏറെ ശ്രദ്ധ നേടിയുന്നു.
പൊതു വേദികളിലും പലതവണ ഗായികയായി മഞ്ജു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സ്വകാര്യ ചടങ്ങിനിടെ ‘കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ,’ എന്ന ഗാനം ആലപിക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
കല്ല്യാണ്‍ ജ്വല്ലേഴ്സ് സംഘടിപ്പിച്ച ‘ആന്‍ ഇവനിങ്ങ് വിത്ത് മഞ്ജു വാര്യര്‍’ എന്ന പരിപാടിയ്ക്കിടെയാണ് മഞ്ജു ഗാനം ആലപിച്ചത്. ഗായകരായ അനൂപ് ശങ്കര്‍, മൃദുല വാര്യര്‍ എന്നിവരും മഞ്ജുവിനൊപ്പം ചേർന്നുപാടുന്നത് വീഡിയോയിൽ കാണാം. വേദിയില്‍ പാടുന്നതിനൊപ്പം സ്ക്രീനില്‍ യഥാര്‍ഥ ഗാന ശകലം കാണിച്ചതും പരിപാടിയ്ക്ക് കൂടുതല്‍ ആകര്‍ഷണം നല്കി. ഇതേ ജ്വല്ലറിയുടെ പരസ്യചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവും.
ഇളയരാജയുടെ സംഗീതത്തില്‍ 1991ല്‍ ഇറങ്ങിയ ഗുണ ചിത്രത്തിലേതാണ് കണ്മണി അന്‍പോട് എന്ന ഗാനം. പ്രശസ്ത ഗാനരചയിതാവും കവിയുമായ വാലി വരികള്‍ എഴുതിയ ഗാനം ആലപിച്ചത് കമല ഹാസനും എസ് ജാനകിയും ചേര്‍ന്നാണ്. കമല ഹാസന്റെ അഭിനയമുഹൂര്ത്തങ്ങളാല് അവിസ്മരണീയമായ ഗാനം ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം, ആമിര്‍ പാലിക്കലിന്റെ അയിഷ എന്നിവയാണ് മഞ്ജുവിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.