ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. മെൽബണിലെ Twelve Apostlesല്‍ എന്ന ഇടത്തെത്തിയ മഞ്ജു ആ സ്ഥലം കണ്ടു ‘നോസ്റ്റാൾജിക്കായി’. ‘കാതലര്‍ ദിനം’ എന്ന തമിഴ് ചിത്രത്തിലെ എ.ആര്‍.റഹ്മാന്‍ ഈണമിട്ട പ്രശസ്തമായ ഗാനം ‘എന്ന വിലൈ അഴകേ’ എന്ന ഗാനം ഇവിടെയാണ്‌ ചിത്രീകരിച്ചത്. അതിന്‍റെ ഓര്‍മ്മയില്‍ ആ ഗാനവും ആലപിച്ചു മഞ്ജു വാര്യര്‍. അതിനൊപ്പം അവര്‍ കുറിച്ചതിങ്ങനെ.

“പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും…അഴകിൽ മുങ്ങിയ ആനന്ദം… ‘കാതലർ ദിന ‘ത്തിലെ ‘എന്ന വിലൈയഴകേ’ എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ Twelve Apostles ൽ…”

സാധാരണ ഫെയ്സ്ബുക്കിലും മറ്റും ജോലി സംബന്ധമായ കാര്യങ്ങള്‍ മാത്രം പങ്കു വയ്ക്കുന്ന മഞ്ജുവിന്‍റെ ഈ പോസ്റ്റ്‌ ആരാധകരെ വലിയ സന്തോഷത്തിലാക്കിയിരിക്കുകയാണ്. കാഴ്ച കണ്ടു സന്തോഷിക്കുന്ന മഞ്ജുവിനെ കണ്ടും മഞ്ജുവിന്‍റെ പാട്ട് കേട്ടും സന്തോഷിക്കുകയാണ് ആരാധകര്‍.

1999ല്‍ കതിര്‍ സംവിധാനം ചെയ്ത ചിത്രമായ ‘കാതലര്‍ ദിന’ത്തില്‍ ഹരി കൃഷ്ണ, സോണാലി ബെന്ദ്രേ എന്നിവരാണ് നായികാ നായകന്മാര്‍. ‘എന്ന വിലൈ അഴകേ’ എന്ന ഗാനത്തിന്‍റെ പ്രണയം തുളുമ്പുന്ന വരികള്‍ എഴുതിയത് കവി വാലിയാണ്. ഇത് കൂടാതെ ‘ഡാന്‍ഡിയ’, ‘ഓ മരിയ’, ‘റോജ റോജ’ എന്നീ പ്രശസ്തമായ ഗാനങ്ങളുമുണ്ട് ഈ ചിത്രത്തില്‍.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഉള്ള മഞ്ജു മെയ്‌ 6ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അമ്മ ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട് എന്നും അറിയുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ സജീവമായി പങ്കെടുക്കുന്ന ഷോയില്‍ ദിലീപ് ഇത്തവണ പങ്കെടുക്കില്ല. അമ്മയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയ പാശ്ചാത്തലത്തിലാണ് ഈ മാറി നില്‍ക്കല്‍. ഷോയ്ക്ക് മാറ്റ് കൂട്ടാന്‍ തമിഴ് താരങ്ങള്‍ പങ്കെടുത്തേക്കും എന്നും വാര്‍ത്തകളുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ