നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവാര്യർ തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം പകുതിയിൽ നിർത്തിയിരിക്കുകയാണ്. വീണ്ടും ക്യാമറ ഓൺ ആകാനുള്ള കാത്തിരിപ്പിലാണ് താനെന്ന് മഞ്ജു പറയുന്നു. എഡിറ്റിങ് മുറിയിൽ ഇരുന്ന് ചിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജു ഇക്കാര്യങ്ങൾ​ പറയുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.

Read More: വികൃതികളായ കുറച്ചു കഥാപാത്രങ്ങൾ; ‘ലളിതം സുന്ദരം’ വിശേഷങ്ങളുമായി രഘുനാഥ് പലേരി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook