ആരാധകര്‍ നല്‍കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങള്‍ പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ക്കു ഒരു കുഞ്ഞാരാധിക കൊടുത്ത സമ്മാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഡിയര്‍ മഞ്ജു ആന്റി’ എന്നു തുടങ്ങുന്ന ഒരു കുറിപ്പാണ് ദേവൂട്ടി മഞ്ജുവിന് നല്‍കിയിരിക്കുന്ന സമ്മാനം. ‘ ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ, അത് സുജാതയാണ്’ എന്നതാണ് കത്തിന്റെ ആദ്യ വരികള്‍. തന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായ മഞ്ജുവിനോട് നന്ദി പറയാനാണ് ഈ കൊച്ചുമിടുക്കി കത്തെഴുതിയിരിക്കുന്നത്.

ഒരുപ്പാട് സ്ത്രീകള്‍ക്കു മാതൃകയാണ് മഞ്ജുവെന്നും, ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നന്ദിയുണ്ടെന്നും ദേവൂട്ടി പറയുന്നു. ‘ചില സ്‌നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല ‘ എന്നു കുറിച്ചു കൊണ്ടാണ് മഞ്ജു കത്ത് ഷെയര്‍ ചെയ്തിരിക്കുന്നത്.
അജിത് നായകനായെത്തുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു ഇപ്പോള്‍ .കയറ്റം, വെള്ളരിപട്ടണം, അയിഷ എന്നിവയാണ് ഇനി തിയേറ്ററിൽ എത്താനുള്ള മഞ്ജു ചിത്രങ്ങൾ.