/indian-express-malayalam/media/media_files/uploads/2020/04/Manju-Warrier.jpg)
കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി എല്ലാവരും അവരവരുടെ വീടുകളിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഏറെ നാൾ ചെലവഴിക്കാൻ കിട്ടുന്ന അവസരം കൂടിയാണിത് ചിലർക്ക്. മറ്റു ചിലർക്കാകട്ടെ മറന്നു പോയ ചില നല്ല ശീലങ്ങൾ പൊടി തട്ടിയെടുക്കാനുള്ള അവസരവും.
Read More: ആശയക്കുഴപ്പം തീർക്കാൻ മഞ്ജുവിന്റെ ഡാൻസ്; വീഡിയോ ഏറ്റെടുത്ത് താരങ്ങൾ
എഴുത്ത്, വായന, വര, പാട്ട്, നൃത്തം, പാചകം തുടങ്ങി ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന തിരക്കിലാണ് പലരും. വർഷങ്ങൾക്കു ശേഷം തന്റെ അമ്മ വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ.
മഞ്ജുവിന്റെ അമ്മയുടെ പേര് ഗിരിജ എന്നാണ്. മഞ്ജുവും ചേട്ടൻ മധു വാര്യരും മധുവിന്റെ ഭാര്യയും കുട്ടിയുമെല്ലാം വീട്ടിലുണ്ടെന്നും എല്ലാവരും മറ്റ് തിരക്കുകൾ ഒഴിവാക്കി വീട്ടു ജോലികളുടെ തിരക്കിലാണെന്നും ആ അമ്മ പറയുന്നു.
താൻ അടുക്കളയിൽ കയറി ജോലി ചെയ്യുമ്പോൾ മധുവിന്റെ ഭാര്യ അനു വന്ന്, അമ്മ അവിടെ പോയി കാലും നീട്ടി ഇരുന്നോളൂ എന്ന് പറയും. അങ്ങനെ കാലും നീട്ടി ഇരിക്കുമ്പോൾ എന്റെ ചെവിയിൽ ആനന്ദം അനുഭവിക്കുന്നുണ്ട്. അടച്ചിട്ട വാതിലിനു പിന്നിൽ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളം- അമ്മ എഴുതുന്നു.
"എല്ലാവർക്കും എന്തെങ്കിലും വരദാനങ്ങളുണ്ട്. പക്ഷെ ആരും അത് കാണുന്നില്ല. വർഷങ്ങൾക്ക് ശേഷം അമ്മ വീണ്ടും എഴുതി തുടങ്ങിയിരിക്കുന്നു," എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു അമ്മയുടെ എഴുത്തുകൾ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം താൻ വീട്ടിൽ നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആശയകുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷനോടെയായിരുന്നു മഞ്ജു കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ പങ്കുവച്ചത്.
സിനിമാ തിരക്കുകൾക്കിടയിലും നൃത്തത്തിന് ഏറെ മുൻഗണന നൽകുന്ന നടിയാണ് മഞ്ജു വാര്യർ. നൃത്തം അഭ്യസിക്കാനും നൃത്തവേദികളിൽ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്ത വേദിയിൽനിന്നാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.