scorecardresearch

കിലോമീറ്ററുകളോളം ബൈക്കിൽ,ടെന്റിൽ താമസം; അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയെക്കുറിച്ച് മഞ്ജു

‘ആയിഷ’ എന്ന പുതിയ ചിത്രത്തിന്റെ പ്രെമോഷനെത്തിയപ്പോൾ ബൈക്ക് യാത്രയുടെ അനുഭവങ്ങൾ മഞ്ജു പങ്കുവയ്ക്കുകയുണ്ടായി

കിലോമീറ്ററുകളോളം ബൈക്കിൽ,ടെന്റിൽ താമസം; അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയെക്കുറിച്ച് മഞ്ജു

‘തുനിവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ബൈക്ക് യാത്ര ചെയ്യുന്ന ചിത്രങ്ങൾ മഞ്ജു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അജിത്തിനും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മഞ്ജുവിന്റെ യാത്ര. ആ അനുഭവങ്ങൾ ഷെയർ ചെയ്യുകയാണ് മഞ്ജു വാര്യർ. ‘ആയിഷ’ എന്ന പുതിയ ചിത്രത്തിന്റെ പ്രെമോഷനിടെയാണ് അജിത്തിനൊപ്പമുള്ള ബൈക്ക് യാത്രയെ കുറിച്ച് മഞ്ജു വാചാലയായത്.

“ബൈക്ക് യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് അജിത്ത് സർ. ഒരു ദിവസം അദ്ദേഹം വന്ന് ട്രിപ്പ് പോകുന്ന കാര്യം എന്നോട് പറഞ്ഞു. ഞങ്ങൾക്കൊപ്പം വരുന്നുണ്ടോയെന്നും ചോദിച്ചു. വെറുതെ ചോദിച്ചതാണെന്നാണ് ഞാൻ വിചാരിച്ചത് പക്ഷെ ബൈക്കും മറ്റും റെഡിയായപ്പോൾ സാർ വന്ന് ഈ ദിവസം പോകാമെന്നും പറഞ്ഞു,” മഞ്ജു ഓർത്തെടുത്തു.

അജിത്തിനോട് വളരെ അടുത്തു നിൽക്കുന്നവർ മാത്രം ഉൾപ്പെട്ട ആ ട്രിപ്പിൽ താനുമുണ്ടായതിൽ സന്തോഷം തോന്നിയെന്നാണ് മഞ്ജു പറയുന്നത്. “കാറിൽ മുൻപ് ആ വഴികളിലൂടെ പോയിട്ടുണ്ടെങ്കിലും ബൈക്കിൽ പോയത് ഒരു പ്രത്യേക അനുഭവമായിരുന്നു. ടെന്റിലും പകുതി പണി തീർന്ന ഹോട്ടലിലുമൊക്കെയാണ് ഞങ്ങൾ താമസിച്ചത്. ആദ്യത്തെ ദിവസം എനിക്ക് നല്ല ശരീരം വേദനയുണ്ടായിരുന്നു. പിന്നീട് ഞാൻ ഓക്കെയായി.”

എച്ച് വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തുനിവ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളിൽ അജിത്തിനൊപ്പം മഞ്ജുവും തിളങ്ങി നിൽക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താൻ ആദ്യമായിട്ടാണ് ഇത്തരം ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നതെന്നും പ്രേക്ഷകർ അതെങ്ങനെ സ്വീകരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റിലീസിനു മുൻപു മഞ്ജു പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier shares experience ladakh trip with actor ajith