ലോക്ക്ഡൗൺ കാലത്ത് ഉറക്കവും വിശ്രമവും കുക്കിംഗ് പരീക്ഷണങ്ങളുമൊക്കെയായി താരങ്ങളിൽ പലരും തിരക്കിലായിരിക്കുമ്പോൾ, നൃത്ത പരിശീലനത്തിനു വേണ്ടിയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യർ സമയം നീക്കിവയ്ക്കുന്നത്. നൃത്തം അഭ്യസിക്കുന്നതിന്റെ വീഡിയോകൾ മഞ്ജു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, മറന്നു തുടങ്ങിയ വീണവായനയും പൊടിതട്ടിയെടുത്ത് അഭ്യസിക്കുകയാണ് മഞ്ജു. വീണുകിട്ടിയ ദിവസങ്ങൾ അത്രയും തന്റെ കലാഭിരുചിയെ മിനുക്കിയെടുക്കാനായി ചെലവഴിക്കുകയാണ് മഞ്ജു വാര്യർ.
അഭിനയത്തിലും നൃത്തത്തിലും സംഗീതത്തിലുമെല്ലാം അഭിരുചിയുള്ള ഒരു സമ്പൂർണ്ണ കലാകാരിയാണ് മഞ്ജുവെന്ന് പറയാം. സിനിമാ തിരക്കുകൾക്കിടയിലും നൃത്തത്തിന് മുൻഗണന നൽകാൻ മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്തം അഭ്യസിക്കാനും വേദികളിൽ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. സ്കൂൾ കലോത്സവങ്ങളിലെ കലാതിലകമായിരുന്ന മഞ്ജുവെന്ന കലാകാരിയെ സിനിമയിലേക്ക് എത്തിച്ചതും നൃത്തത്തിന്റേതായ ഈ പശ്ചാത്തലം തന്നെയാണ്.
നർത്തകർക്ക് പറക്കാൻ ചിറകുകൾ എന്തിനാണ്? എന്നാണ് നൃത്തദിനത്തിൽ തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു ചോദിച്ചത്.
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മഞ്ജു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്രെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേഴ്സ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
Read more: മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ, ഒടുവില് എത്തിയത് ഐശ്വര്യ റായ്