scorecardresearch
Latest News

അടുത്ത തവണ കാണുമ്പോൾ ഓർത്തു പറയാമെന്ന് വാക്കു തന്നിരുന്നു; ഇന്നസെന്റിന്റെ ഓർമകളിൽ മഞ്ജു വാര്യർ

ഹൃദയം തൊടുന്ന കുറിപ്പുമായി മഞ്ജു വാര്യർ

innocent, Manju Warrier, Innocent and Manju
Manju Warrier / Instagram Post

ഞായറാഴ്ച രാത്രിയാണ് മലയാളികളുടെ പ്രിയനടൻ ഇന്നസെന്റ് യാത്രയായത്. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് തിരികെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും കുടുംബവും പ്രേക്ഷകരുമെല്ലാം. സിനിമാലോകത്തെ പ്രമുഖർ ഇന്നസെന്റിനു ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കുറിപ്പ് പങ്കുവച്ചിരുന്നു. നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഏവരുടെയും ഹൃദയം തൊടുന്നത്.

“ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്‍. മണിക്കൂറുകള്‍ നീളും വര്‍ത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തി. ചില നേരങ്ങളില്‍ ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്‌നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഒടുവില്‍, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോണ്‍ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോള്‍പ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു.”

” ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന്‍ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന്‍ അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല…” മഞ്ജു കുറിച്ചു. ഇരുവരും ഒന്നിച്ചഭിനയിച്ച എന്നും എപ്പോഴും ചിത്രത്തിലെ രംഗത്തിന്റെ ചിത്രവും മഞ്ജു പങ്കുവച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier remembers innocent emotional note see photo