Fathers Day 2018: കാന്‍സര്‍ രോഗബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്ന മഞ്ജു വാര്യരുടെ അച്ഛന്‍ മാധവന്‍ വാര്യര്‍ അടുത്തിടെയാണ് അന്തരിച്ചത്. മഞ്ജുവും സഹോദരനും അമ്മയും മരണസമയത്ത് അടുത്തുണ്ടായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും കാന്‍സര്‍ സര്‍വൈവര്‍ ആണ്. ഈ രോഗത്തിന്റെ നാനാ വശങ്ങളെ അടുത്ത് നിന്ന് കാണാന്‍ അവസരം സാധിച്ചിട്ടുള്ള മഞ്ജു കാന്‍സര്‍ രോഗവുമായി ബന്ധപെട്ട ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

വായിക്കാം: മഞ്ജു ചേച്ചിയുടെ അച്ഛന്‍

2016ല്‍ സമുദ്രക്കനിയുടെ ‘അപ്പാ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മഞ്ജു അച്ഛനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ജീവിതത്തില്‍ അച്ഛന്റെ റോളിനെക്കുറിച്ച് മഞ്ജു അന്ന് പറഞ്ഞതിങ്ങനെ. പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പ് പല വട്ടം മഞ്ജുവിന്റെ കണ്ണ് നിറയുന്നതും വീഡിയോയില്‍ കാണാം.

“അച്ഛനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതും തമിഴ് മണ്ണിലാണ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ എന്നാ സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌. അച്ഛന് അവിടെയൊരു ചിട്ടിക്കമ്പനിയിലായിരുന്നു ജോലി. ജമന്തിയുടേയും ഭസ്മത്തിന്റെയും പൊടി മണ്ണിന്റെയുമൊക്കെ മണമുള്ള വൈകുന്നേരങ്ങളില്‍ അച്ഛന്റെ മോട്ടോര്‍ ബൈക്കിന് കാതോര്‍ത്ത്, അച്ഛന്‍ ഓഫീസില്‍ നിന്ന് വരുന്നതും കാത്ത് ഞാനും ചേട്ടനും ഞങ്ങളുടെ കുഞ്ഞു വീട്ടിന്റെ ഗേറ്റില്‍ പിടിച്ചു കയറി റോഡിലേക്ക് നോക്കി നില്‍ക്കുന്നത് എനിക്കോര്‍മ്മയുണ്ട്. അച്ഛന്റെ മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസ്സ് തുള്ളിച്ചാടും.

അതിനു ശേഷം ചേട്ടന്റെ പഠനം തിരുവനന്തപുറത്തെ സൈനിക് സ്കൂളിലേക്ക് മാറ്റിയപ്പോള്‍ ആഴ്ചയിലൊരു ദിവസം ഞങ്ങളെല്ലാവരും ബസില്‍ നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ യാത്ര ചെയ്യുമായിരുന്നു. ചേട്ടനെ കാണാനാണ് പോകുന്നതെങ്കിലും തിരിച്ചു വരുമ്പോള്‍ ചേട്ടനില്ല എന്നത് എന്റെ കണ്ണ് നനയിക്കും. അപ്പോള്‍ എനിക്കോര്‍മ്മയുണ്ട്, അച്ഛന്‍ എനിക്ക് പാട്ട് പാടിത്തരുമായിരുന്നു.

‘കടലിനക്കരെ പോണോരേ, കാണാ പൊന്നിന് പോണോരേ
പോയ്‌വരുമ്പോള്‍ എന്ത് കൊണ്ട് വരും?’

ചിലപ്പോള്‍ തമിഴ് പാട്ടായിരിക്കും. എന്റെ കരച്ചില് മാറ്റി, എന്നെ ചിരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അച്ഛനത് ചെയ്തിരുന്നത്.

ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി ഒരു പാട് സങ്കടങ്ങള്‍ അച്ഛന്‍ ഉള്ളിലൊതുക്കിയിരുന്നു എന്ന് അന്നൊന്നും എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. തുച്ഛമായ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചും സ്വന്തം ആഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ പലതും മാറ്റി വച്ചിട്ടുമാണ് അച്ഛന്‍ ഞങ്ങളുടെ പല ആവശ്യങ്ങളും നടത്തിത്തന്നിരുന്നത്. യാത്ര ചെയ്യാന്‍ കമ്പനി അനുവദിച്ച പണം, അതു ഞങ്ങളുടെ എന്തെങ്കിലും ആവശ്യത്തിനു മാറ്റി വച്ചിട്ട്, അച്ഛന്‍ നടന്നു പോയി. അച്ഛന്റെ വിയര്‍പ്പു തുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക എന്ന് പോലും പലപ്പോഴും തോന്നാറുണ്ട്.

അച്ഛന്റെ അന്നത്തെ അവസ്ഥയൊന്നും എനിക്കറിയില്ലായിരുന്നു. അത് കൊണ്ടാണ്, ജോലി സംബന്ധമായി ദൂരയാത്രയൊക്കെ പോകുമ്പോള്‍ വാങ്ങാനുള്ള കളിപ്പാട്ടങ്ങളുടെ വലിയൊരു ലിസ്റ്റ് അച്ഛന് കൊടുക്കും. അതിലേക്ക് നോക്കുമ്പോള്‍ എന്തിനായിരുന്നു അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചിരുന്നത് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു. തിരിച്ചു വരുമ്പോള്‍ കൈയ്യിലൊരു പാവയുണ്ടാവും. എന്തെങ്കിലും ചെറിയൊരു കളിപ്പാട്ടമുണ്ടാവും. പക്ഷേ ആ ഒരു ചെറിയ സമ്മാനത്തിന് വേണ്ടി അച്ഛന്‍ എത്ര മാത്രം വിഷമിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടി വന്നു.

 

അതിനു ശേഷം മുതിര്‍ന്നപ്പോള്‍ ജീവിതത്തെ എങ്ങനെ നേരിടണം എന്ന് ഞാന്‍ പഠിച്ചതും അച്ഛന്റെ അടുത്ത് നിന്നാണ്. ജീവിതത്തിലെ പല തീരുമാനങ്ങളും സ്വന്തമായി ഞാന്‍ എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. അച്ഛന്‍ ഒപ്പം നിന്നതേയുള്ളൂ. ഒപ്പം അച്ഛനുണ്ട്‌ എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്‍ബലം.

പക്ഷേ സഹ്യപര്‍വ്വതം പോലെ ഞങ്ങള്‍ക്ക് കാവല്‍ നിന്ന, ഒരു മരം പോലെ തണലിലേക്ക്‌ ഞങ്ങളെ അടുപ്പിച്ചു ചേര്‍ത്ത് നിര്‍ത്തിയിരുന്ന അച്ഛന്‍ തളര്‍ന്നു പോകുന്നത് ഞാന്‍ കണ്ടു. അത് ഈ അടുത്ത കാലത്ത് അച്ഛന് കാന്‍സര്‍ പിടിപെട്ടപ്പോഴായിരുന്നു. പക്ഷേ അപ്പോള്‍ അച്ഛന്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചിരുന്ന പോലെ, ഞങ്ങളെല്ലാവരും അച്ഛനെ ചേര്‍ത്ത് പിടിച്ചു. ഞങ്ങള്‍ക്ക് നല്‍കിയ സ്നേഹത്തിന്റെയും ആ ഒരു കരുതലിന്റെയും ഒന്നുമൊരു കണിക പോലുമാവില്ല എന്നറിഞ്ഞിട്ടും ഞങ്ങള്‍ എല്ലാവരും അച്ഛനോടൊപ്പം ഉണ്ടായിരുന്നു.”

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇങ്ങനെ പങ്കു വച്ച മഞ്ജു പിന്നീട് അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വന്നതും ഓര്‍ത്തെടുത്തു. “ദൈവത്തിന്റെ അനുഗ്രഹത്താല്‍ അച്ഛന്‍ ഇപ്പോള്‍ പഴയ അച്ഛനായി” എന്ന് പറഞ്ഞ മഞ്ജു “പര്‍വ്വതങ്ങള്‍ക്ക് എങ്ങനെയാണ് തല കുനിക്കാന്‍ ആവുക?” എന്നും അച്ഛനെക്കുറിച്ച് പരാമര്‍ശിച്ചു.

“അമ്മ കടലാണെങ്കില്‍ അച്ഛന്‍ വലിയൊരു കരയാണ്” എന്ന് പറഞ്ഞു വീഡിയോ അവസാനിപ്പിച്ച മഞ്ജു തമിഴില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.

“അപ്പാ, നീങ്ക എനക്ക് കടവുള്‍ താന്‍.” (അച്ഛാ, നിങ്ങള്‍ എനിക്ക് ഈശ്വരന്‍ തന്നെയാണ്)

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook