വിട പറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോളിന്റെ ഓർമകളിൽ നടി മഞ്ജുവാര്യർ. ജോൺ പോളിനെ അവസാനമായി ആശുപത്രിയിൽ പോയി കണ്ട ഓർമകൾ പങ്കുവയ്ക്കുകയാണ് മഞ്ജു.
“യാത്ര, മിഴിനീര്‍പൂവുകള്‍, ഇനിയും കഥ തുടരും, വിടപറയും മുമ്പേ, ഞാന്‍ ഞാന്‍ മാത്രം, ഓര്‍മയ്ക്കായി…
ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ!
കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി,” മഞ്ജു വാര്യർ കുറിക്കുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ജോൺ പോൾ അന്തരിച്ചത്. 71 വയസായിരുന്നു. ശ്വാസതടസവും മറ്റു അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം.
1980 മുതൽ മലയാള സിനിമാ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത പല ചിത്രങ്ങളും ജോൺ പോളിന്റെ തിരക്കഥയിൽ പിറന്നതായിരുന്നു. മലയാളത്തിലെ പ്രഗത്ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയുടെ നിർമാതാവായിരുന്നു. കമലിന്റെ ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവിൽ തിരക്കഥ ഒരുക്കിയത്.
ഒരു കടങ്കഥ പോലെ, പാളങ്ങൾ, യാത്ര, രചന, വിടപറയും മുമ്പേ, ആലോലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, അതിരാത്രം, വെള്ളത്തൂവൽ, സ്വപ്നങ്ങളിലെ ഹേഷൽ മേരി, കാതോട് കാതോരം, സന്ധ്യമയങ്ങും നേരം, അവിടെത്തെ പോലെ ഇവിടെയും, ഉത്സവപ്പിറ്റേന്ന് ആരോരുമറിയാതെ തുടങ്ങിയ ചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ പിറന്നതാണ്.