രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനു അനുമോദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. പ്രിയ ലാലിന് അഭിനന്ദനങ്ങൾ എന്ന ക്യാപ്ഷനോടെയാണ് സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടി തന്റെ സന്തോഷം പങ്കിടുന്നത്.
ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. തങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളോടുള്ള ആദരസൂചകമായാണ് പത്മപുരുസ്കാരങ്ങള്‍ നൽകിപ്പോരുന്നത്. പുരസ്കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. റിപ്പബ്ലിക് ദിനത്തിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം മോഹന്‍ലാലിനെ കൂടാതെ ശാസ്ത്രജ്ഞന് നമ്പി നാരായണന്, പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍, സിതാര്‍ വാദകനായ ബുധാദിത്യ മുഖര്ജീ തുടങ്ങി പതിനാലു പേര്‍ക്കാണ് പദ്മഭൂഷന്‍ നല്‍കുന്നത്.
സിനിമയുടെ അടുത്ത കൂട്ടുകാരനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, നടി മഞ്ജു വാര്യര്‍, സംവിധാകന് ശ്രീകുമാര്‍ മേനോന് , നടന്മാര് നിവിന്‍ പോളി, ജയസൂര്യ, പൃഥ്വിരാജ് സുകുമാരന്‍, അജു വര്‍ഗീസ് മുതലായവര്‍ മോഹന്‍ലാലിന്റെ പദ്മ പുരസ്കാര വാര്‍ത്ത വന്നതിനു പിന്നാലെ തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പ്രിയ താരത്തിനു സിവിലിയൻ ബഹുമതി കിട്ടിയതിന്റെ സന്തോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകരും #PadmabhushanMohanlal എന്ന ഹാഷ്ടാഗില് തങ്ങളുടെ അനുമോദനങ്ങള്‍ പങ്കിടുന്നു.
“പദ്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ.നമ്പി നാരായണനും പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്‍കുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു – വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ.ജി.ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് എന്നിവർക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ചവർക്കും പദ്മ പുരസ്കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.”, മഞ്ജു വാര്യര്‍ കുറിച്ചു.