ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. You are my ‘BFFLWYLION’ എന്നാണ് ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചിരിക്കുന്നത്. എന്താണ് ഈ BFFLWYLION? ഗൂഗിൾ ചെയ്തു നോക്കണമല്ലോ? മഞ്ജു ചേച്ചി ഇങ്ങനെ പോയാൽ പൃഥ്വിയുടെ കഞ്ഞിയിൽ പാറ്റയിടുമല്ലോ എന്നിങ്ങനെയുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്.

കുഞ്ചാക്കോ ബോബൻ എടുത്ത ഗീതുവിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജു കൂട്ടുകാരിയ്ക്കുള്ള പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ഭാവന, ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്- മഞ്ജു വാര്യരുടെ ജീവിതത്തിലെയും അടുത്ത സുഹൃത്തുക്കളാണ് നാലുപേരും. കഴിഞ്ഞ ദിവസം ഭാവനയുടെ പിറന്നാളിനും രസകരമായ പോസ്റ്റാണ് മഞ്ജു ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് 38 കാരിയായ ഗീതു. ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഗീതു പിന്നീട് ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, സ്നേഹം, പകൽപ്പൂരം, അകലെ, നാലു പെണ്ണുങ്ങൾ, സീതാ കല്യാണം, രാപ്പകൽ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഗീതു പിന്നീട് സംവിധാനരംഗത്ത് ശ്രദ്ധയൂന്നുകയായിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിൻ പോളിയെ നായകനാക്കി ഗീതു സംവിധാനം ചെയ്ത ‘മൂത്തോൻ’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

Read more: Moothon Teaser: ‘മൂത്തോനെ’ വരവേറ്റ് സിനിമാ ലോകം: ഗീതു മോഹന്‍ദാസ്‌-നിവിന്‍ പോളി ചിത്രത്തിന്റെ ടീസര്‍ കാണാം

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്.

‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ബി അജിത്കുമാറും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു, സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മൂത്തോന്റെ ടീസറും അടുത്തിടെ റിലീസ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook