മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ അടുത്തിടെ തന്റെ ചിത്രം ‘ഉദാഹരണം സുജാത’ കാണാന്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ടു ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു. പൊതുവെ അല്‍പം ഗൗരവക്കാരനായ പിണറായി വിജയന്‍ മഞ്ജുവിനോട് വളരെ സൗമ്യമായി പെരുമാറി. എന്നാല്‍ ഇതേപ്പറ്റി മഞ്ജുവിനോടു ചോദിച്ചാല്‍ ‘പിണറായി കേള്‍ക്കണ്ട’ എന്ന് അത്ഭുതം കലര്‍ന്ന ഒരു കുസൃതിച്ചിരിയോടെ മറുപടി കിട്ടും. ഗൃഹലക്ഷ്മിയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ ഈ പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ മഞ്ജു ഉത്തരം പറഞ്ഞില്ല.
‘അതൊക്കെ രസല്ലേ… ഓരോ കഥകളിങ്ങനെ കേള്‍ക്കാന്‍. അല്ലാതെന്തു പറയാന്‍!’ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കിയ മഞ്ജുവാര്യര്‍ ചിത്രം ‘ആമി’ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യമായി എഴുത്തുകാരിയെ കണ്ട അനുഭവവും മഞ്ജു ഓര്‍ത്തെടുക്കുന്നു.

‘ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് കാണാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. കണ്ടപ്പോള്‍ പറഞ്ഞു ‘സുന്ദരിയാണല്ലോ’ എന്ന്. എന്നിട്ട് എന്റെ കൈയ്യില്‍ പതുക്കെ പിടിച്ചു. ഞാനന്ന് കുപ്പിവളയൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. അതു പിടിച്ചു നോക്കി തനിക്കും കുപ്പിവള വലിയ ഇഷ്ടമാണെന്നു പറഞ്ഞു. ഒരുപാട് വാത്സല്യത്തോടെയാണ് അന്നു സംസാരിച്ചത്. വൈകുന്നേരം വരെ അവിടെ ഉണ്ടായിരുന്നു ഒന്നിച്ച് ഊണൊക്കെ കഴിച്ചെന്നാണ് ഓര്‍മ്മ. പിന്നീട് തൊട്ടപ്പുറത്ത് ബാലാമണിയമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കൊണ്ടു പോയി.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ