scorecardresearch
Latest News

അബിക്ക ഇനിയൊരു ഓര്‍മയെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല: മഞ്ജുവാര്യര്‍

അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന ‘ദേ മാവേലി കൊമ്പത്തി’ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍.

Manju Warrier, Kalabhavan Abi

നടനും മമിക്രി കലാകാരനുമായ കലാഭവന്‍ അബിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് നടി മഞ്ജു വാര്യര്‍. മിമിക്രി ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസ്സില്‍ പതിഞ്ഞ മുഖമാണ് അബിയുടേതെന്നും, അദ്ദേഹം ഇനിയൊരു ഓര്‍മ്മയാണെന്ന് വിശ്വസിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും മഞ്ജു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്ത് സത്യസന്ധമായ ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന ആളായിരുന്നു അബിയെന്നും മഞ്ജു ഓര്‍മ്മിച്ചു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കുട്ടിക്കാലം മുതല്‍ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസ്സില്‍ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്പോള്‍ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്‌കിറ്റുകളിലെ നിഷ്‌കളങ്കത നിറഞ്ഞ ഇത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല നമുക്ക്.

അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന ‘ദേ മാവേലി കൊമ്പത്തി’ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍. നേരിട്ട് പരിചയപ്പെട്ടപ്പോള്‍ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഇക്കയുടെ മകന്‍ ഷെയ്‌നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനില്‍ ഏറേ സ്‌നേഹത്തോടെ ഇക്ക ഓടിയെത്തി.

എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier pays homage to actor abi

Best of Express