കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിഭകളിലൊരാളായ കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വിങ്ങലിലാണ് മലയാള സിനിമ. മറ്റുള്ളവര്‍ക്ക് കേവലം സഹപ്രവര്‍ത്തക മാത്രമായിരുന്നില്ല കെപിഎസി ലളിത എന്നാണ് ഓരോരുത്തരുടേയും പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. അതുല്യ നടിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് മഞ്ജു വാര്യര്‍.
“അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്,” മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
”മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട,” അനുശോചനക്കുറിപ്പില്‍ മഞ്ജു കൂട്ടിച്ചേര്‍ത്തു.
കെപിഎസി ലളിത അന്തരിച്ചു
ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. കെപിഎസിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
Also Read: ‘ജീവിതത്തെ അതിമനോഹരമാക്കിയ നടി;’ കെപിഎസി ലളിതയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്