ഇരുചക്രവാഹന ലൈസൻസ് സ്വന്തമാക്കി നടി മഞ്ജു വാരിയർ. കാക്കനാട് ആർടി ഓഫീസിൽ നിന്നാണ് മഞ്ജു ടൂവീലർ ലൈസൻസ് കരസ്ഥമാക്കിയത്.
തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ അതിനുള്ള ലൈസൻസ് നേടിയെടുത്തിരിക്കുകയാണ് മഞ്ജു.
അജിത്തിനൊപ്പം അഭിനയിച്ച തുനിവ് ആണ് ഏറ്റവുമൊടുവിൽ റിലീസിനെത്തിയ മഞ്ജു വാര്യർ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്.
അതേസമയം, പുതിയ ചിത്രം ആയിഷയുടെ പ്രമോഷൻ തിരക്കിലാണ് മഞ്ജുവാര്യർ ഇപ്പോൾ. ജനുവരി 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മഞ്ജു വാര്യർ ടൈറ്റിൽ റോളിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ 6 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഗൾഫിൽ വീട്ടുജോലിക്കായി എത്തുന്ന ഒരു സ്ത്രീയുടെ (ഖദ്ദാമ) കഥയാണ് ആയിഷ പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകൻ. വർഷങ്ങൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്. മഞ്ജു വാര്യർക്ക് പുറമേ നടി രാധികയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിഷ്ണുശർമ്മ ഛായാഗ്രഹണവും അപ്പു എന് ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ ഒരുക്കിയത്. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.