നോര്‍ത്ത് അമേരിക്കന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതിനായി താരങ്ങള്‍ അമേരിക്കയില്‍ എത്തി. മഞ്ജു വാര്യര്‍, പാര്‍വ്വതി തിരുവോത്ത്, ദുല്‍ഖര്‍ സല്‍മാന്‍, പൂര്‍ണിമ മോഹന്‍, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവരാണ് ഇതിനോടകം അമേരിക്കയില്‍ എത്തിയിരിക്കുന്നത്.

നടി ആക്രമിക്കപെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താര സംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി ‘വിമന്‍ ഇന്‍ സിനിമ കളക്ടീ’വും ‘അമ്മ’യുമായി നടക്കുന്ന അഭിപ്രായ ഭിന്നതയെക്കുറിച്ച് താരങ്ങള്‍ ഇവിടെ നിലപാട് അറിയിച്ചേക്കും എന്നാണ് അറിയുന്നത്. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു വനിതാ കളക്ടീവില്‍ നിന്നും മൂന്ന് അംഗങ്ങള്‍ (റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍) രാജിവച്ച സാഹചര്യത്തില്‍ നടി മഞ്ജു വാര്യര്‍ ഉള്‍പ്പടെ വനിതാ കളക്ടീവിന്റെ ഭാഗമായ ‘അമ്മ’ അംഗങ്ങളുടെ നിലപാട് പ്രസക്തമാകുന്നു.

ഇവിടെ ഇങ്ങനെയൊരു പ്രധാനപെട്ട നീക്കം നടക്കുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാതെ മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് പല വിധത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. വനിതാ കളക്ടീവില്‍ നിന്നും മഞ്ജു രാജി വച്ചു എന്നും ഇല്ല എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനെക്കുറിച്ച് വനിതാ കളക്ടീവ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാഫയില്‍ വച്ചാകും മഞ്ജു തന്റെ തീരുമാനം സഹപ്രവര്‍ത്തകരെ അറിയിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. വനിതാ കളക്ടീവ് അംഗമായ പാര്‍വ്വതി തിരുവോത്താകും മഞ്ജുവിനോട് സംസാരിക്കുക.

നാഫ 2018 പുരസ്‌കാരങ്ങള്‍:

ബെസ്റ്റ് ആക്ടര്‍ പോപ്പുലര്‍ – ദുല്‍ഖര്‍ സല്‍മാന്‍ (പറവ, സോളോ)

ബെസ്റ്റ് ആക്ടര്‍ ക്രിട്ടിക് – ഫഹദ് ഫാസില്‍ (ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

ബെസ്റ്റ് ആക്ട്രസ് പോപ്പുലര്‍ – മഞ്ജു വാര്യര്‍ (ഉദാഹരണം സുജാത)

ബെസ്റ്റ് ആക്ട്രസ് ക്രിട്ടിക്‌സ് – പാര്‍വതി (ടേക്ക് ഓഫ്)

ജനപ്രിയ നായകന്‍ – കുഞ്ചാക്കോ ബോബന്‍ (ടേക്ക് ഓഫ്, രാമന്റെ ഏദന്‍തോട്ടം)

യൂത്ത് ഐക്കണ്‍ – ടൊവീനോ തോമസ്

ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ്: ആക്ടര്‍ – ടോവിനോ തോമസ് (മായാനദി)

ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ്: ആക്ട്രസ് -ഐശ്വര്യ ലക്ഷ്മി (മായാനദി)

മികച്ച സഹനടന്‍ – അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സഹനടി – ശാന്തികൃഷ്ണ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള) എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ