Manju Warrier on Films, Life, Politics, Asuran: സിനിമയില്ലാതെയാകുന്ന ഒരു കാലം, അല്ലെങ്കില്‍ അഭിനയം മതി എന്ന് തോന്നുന്ന ഒരു കാലം, അന്ന് നിങ്ങള്‍ എന്ത് ചെയ്യും? – മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരോട് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിക്കപ്പെട്ട ചോദ്യമാണിത്. മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ‘അസുരന്’ എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്സ് പോര്‍ട്ടലിനു നല്കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ഈ ചോദ്യം നേരിട്ടത്
“അങ്ങനെയൊരു കാര്യം ആലോച്ചിട്ട് കൂടിയില്ല. അവസാനശ്വാസം വരെ സിനിമ ചെയ്യണം, അത്രേയുള്ളൂ. ഞാന്‍ ഒരു നര്‍ത്തകി കൂടിയാണ്. ഇതൊക്കെ തന്നെയാണ് എന്റെ ജീവിതം. സിനിമയും നൃത്തവും തന്നെ ജീവിതാവസാനം വരെ തുടരണം, വേറെ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,” മഞ്ജു വാര്യര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന ചോദ്യത്തിനും മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരം നല്കി.
“രാഷ്ട്രീയം എനിക്ക് പറ്റിതല്ല. രാഷ്ട്രീയത്തില്‍ പ്രവേശനം ഒരിക്കലും ഉണ്ടാകില്ല എന്നാണ് തോന്നുന്നത്. പൊതുപ്രവര്‍ത്തനം രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടു ചെയ്യണം എന്നില്ലല്ലോ, അല്ലാതെ സ്വന്തമായും ചെയ്യാമല്ലോ. രാഷ്ട്രീയപ്രവര്‍ത്തനത്തിനു അതിന്റേതായ കഴിവ് വേണം, അറിവും യോഗ്യതയും വേണം. അതൊന്നും തന്നെ എനിക്കുണ്ട് എന്ന് തോന്നുന്നില്ല. മാത്രമല്ല, അതൊരു വലിയ ഉത്തരവാദിത്തമാണ് – ധാരാളം സമയവും ഊര്‍ജ്ജവും വേണ്ട ഒന്ന്. തീര്‍ത്തും വ്യത്യസ്ഥമായ ഒരു കാര്യമാണത്. മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിക്കുന്നത് സിനിമയെയാണ് എന്ന് തോന്നുന്നു. സിനിമയാണ് എന്റെ സംവേദന മാധ്യമം, അതാണ് എനിക്ക് സന്തോഷവും തൃപ്തിയും നല്‍കുന്നതും.”, മഞ്ജു വാര്യര്‍ വിശദമാക്കി.
Manju Warrier on Dhanush-Vetrimaaran Film ‘Asuran
ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അസുരന്.’ വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്.
ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതു വരെ പുറത്തു വിട്ടിട്ടില്ല.
ചിത്രത്തില്‍ തങ്കം എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്നത്. ശിവസാമി എന്ന കഥാപാത്രമായി ധനുഷ് എത്തും. ‘അസുരനി’ൽ ഡബിള്‍ റോളില്‍ ആണ് ധനുഷ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. അച്ഛന്-മകന് എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രമായാവും ധനുഷ് എത്തുക എന്ന് വെട്രിമാരൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടു ലുക്കിലും ഉള്ള ധനുഷിന്റെ ഫോട്ടോയും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്. വെട്രിമാരൻ- ധനുഷ് ടീം വീണ്ടുമൊരുമിക്കുന്ന ‘അസുരനി’ലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ മഞ്ജു വെളിപ്പെടുത്തി.
‘”ഈ ചിത്രത്തിലെ എന്റെ കഥാപാത്രം നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇതു പോലൊരു പടത്തിലൂടെ വരാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ട്. സെറ്റിൽ എന്നെ കംഫർട്ടാക്കി വെച്ചതിൽ ധനുഷിനോടും വെട്രിമാരനോടും അണിയറപ്രവർത്തകരോടും നന്ദിയും സ്നേഹമുണ്ട്. എല്ലാവരും മലയാളം സിനിമയിലെന്ന പോലെ തന്നെ ഹോംലിയായ അന്തരീക്ഷം ഒരുക്കിതന്നു. ഇനിയും തമിഴ് പടത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്.”
Read Here: വെട്രിമാരന്റെ ‘ആണ്’ സിനിമകളിലേക്ക് മഞ്ജു വാര്യര്‍ കടന്നു ചെല്ലുമ്പോള്‍