മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത്. മഞ്ജു അവതരിപ്പിക്കുന്ന 30കാരിയായ പ്രഭ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് ഒടിയനിലെ മഞ്ജുവിന്റെ രൂപം പുറത്തുവിടുന്നത്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പാലക്കാട്ടെ ഒളപ്പമണ്ണ മനയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലൊക്കേഷനിലെത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടാണ് ചിത്രങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. പ്രകാശ് രാജും ചിത്രത്തിലുണ്ട്. അദ്ദേഹത്തിന്റെ ചിത്രവും നിക് ഉട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാവുണ്ണി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ഇതോടൊപ്പം, കഴിഞ്ഞദിവസം തന്നെ ഒടിയനിലെ മോഹൻലാലിന്റെ പുതിയ ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇരുട്ടിന്റെ അന്തരീക്ഷത്തിൽ കരിമ്പടവും പുതച്ചു നിൽക്കുന്ന ഒടിയൻ ആരെയും ഒന്നു പേടിപ്പെടുത്തും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പ്രമുഖ പരസ്യസംവിധായകനായ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ഇപ്പോള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ നടന്നു വരുന്നു. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

ഒടിയന്‍ മാണിക്യന്റെ മൂന്നു കാലഘട്ടത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളായി അദ്ദേഹം എത്തും. അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍ ആയിരുന്നു ഒടിയനു വേണ്ടി മോഹന്‍ലാല്‍ നടത്തിയത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ