scorecardresearch

Latest News

മേപ്പടിയാൻ പോസ്റ്റർ നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു, മഞ്ജുവിനെ വലിച്ചിഴക്കരുത്; വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു

‘മേപ്പടിയാൻ’ ചിത്രത്തിന്റെ അഭിനന്ദന പോസ്റ്റ് മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജുവിന്റെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നെന്ന് ഉണ്ണി മുകുന്ദൻ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

‘മേപ്പടിയാന്‍’ റിലീസ് ചെയ്യുന്നതിന് മുന്‍പായി മഞ്ജു വാര്യര്‍ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള താരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ മഞ്ജു പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

സിനിമയ്ക്ക് എതിരെ ഉയർന്നു വന്ന ആരോപണങ്ങളും വിമർശനങ്ങളും കാരണമാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നായിരുന്നു ഒരു സംഘത്തിന്റെ ആരോപണം. എന്നാൽ മറ്റു ചിലരുടെ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് മഞ്ജു പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്നായിരുന്നു മറ്റൊരു കൂട്ടരുടെ ആരോപണം. ഇതിന്റെ ഭാഗമായി മഞ്ജുവിനെതിരെ സൈബർ ആക്രമങ്ങളും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദൻ വിശദീകരണവുമായി എത്തിയത്.

“മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ഉണ്ണി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ജനുവരി 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ഒരു പക്കാ ഫാമിലി എന്റർടൈനറായി എത്തിയ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ.

Also Read: കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ്; ‘മേപ്പടിയാൻ’ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier meppadiyan poster controversy unni mukundan gives clarification