കൃഷണകുമാറിന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരെ നേരില്‍ കാണുക എന്നത്. മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച ആരാധകന് താരത്തെക്കാണല്‍ എന്നത് അത്ര എളുപ്പമല്ല താനും. കാന്‍സര്‍ രോഗത്തിന്റെ അംബാസിഡര്‍ കൂടിയായ മഞ്ജുവിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ആഗ്രഹം പങ്കു വച്ച കൃഷ്ണകുമാറിനെ അമ്പരപ്പിച്ചു കൊണ്ട് മഞ്ജു ഇന്നലെ അയാളെ തേടിയെത്തി. തന്റെ സ്വപ്ന സാക്ഷാത്കാരമായ ആ സംഭവമാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കു വച്ചിരിക്കുന്നത്.

“കന്മദം കണ്ടപ്പോൾ തുടങ്ങിയ ആരാധനയാണ്. കാണണം എന്ന ആഗ്രഹം ആദ്യമായി തോന്നിയത് ക്യാൻസർ ക്യാൻ അംബാസിഡർ ആയി വന്ന ശേഷമാണ്. ഒട്ടും പ്രതീക്ഷയില്ലാതെ, ഭ്രാന്ത് മൂത്തിരിക്കുന്ന സമയത്താണ് ചേച്ചിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഒരു കമന്റ് ഇടുന്നത്. അത് കണ്ട് ബീന ചേച്ചി (ബീന ജോസ്) രോഹിത്തേട്ടനെ മെൻഷൻ ചെയ്തു.

അന്ന് വൈകുന്നേരം തന്നെ രോഹിത്തേട്ടൻ എന്നെ വിളിക്കുകയും രണ്ടു ദിവസം കഴിഞ്ഞ് എന്നെ വീട്ടിൽ വന്നു കാണുകയും ചെയ്തു. അന്ന് എനിക്ക് നൽകിയ ഉറപ്പായിരുന്നു. വായിച്ചു വരുന്നവർക്ക് മനസിലാവുകയില്ല ഞാൻ പറഞ്ഞു വരുന്നത് എന്തിനെ കുറിച്ചാണെന്ന്.

രണ്ടു ദിവസം മുൻപ് നടന്ന കൃത്യമായി പറഞ്ഞാൽ 18/11/2018 ഞായറാഴ്ച മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കണാൻ ഇടയാക്കിയ സംഭവങ്ങൾ ഒന്നു ചെറുതായിട്ട് വിവരിച്ചതായിരുന്നു. വിളിച്ചപ്പോൾ രോഹിത്തേട്ടൻ പറഞ്ഞത് “ഡാ..5 മിനിറ്റാണ് മഞ്ജു ചേച്ചി നിനക്കായി തന്നിരിക്കുന്ന സമയം, പക്ഷേ അതോർത്ത് നീ വിഷമിക്കേണ്ട.. നിന്നെ കണ്ടാൽ നിന്നോട് സംസാരിച്ചാൽ 5 എന്നുള്ളത് 50 ആകും.”, പറഞ്ഞതു പോലെ തന്നെ സംഭവിച്ചു.

വിണ്ണിൽ നിന്നും ഇറങ്ങിയ താരം എന്നൊക്കെ നമ്മൾ കേട്ടിട്ടില്ലേ ശരിക്കും അങ്ങിനെയാണ് മഞ്ജു ചേച്ചി. ഒട്ടും താരജാഡയില്ലാത്ത പെരുമാറ്റമാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിൽ നിന്നുണ്ടായത്. ഏകദേശം 45 മിനിറ്റാണ് മഞ്ജു വാര്യർ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രി എന്നോടൊപ്പം ചിലവഴിച്ചത്. സംസാരിച്ചതേറെയും മൈൻഡിനെയും മസ്കുസർ ഡിസ്ട്റോഫിയെയും കുറിച്ചായായിരുന്നു.

മനസ് നിറഞ്ഞു..മനം നിറഞ്ഞു..

ഏറ്റവും അധികം ഞാൻ കടപ്പെട്ടിരിക്കുന്നത് രണ്ടു പേരോടാണ്, ഒന്ന് നേരെത്തെ പറഞ്ഞ ബീന ചേച്ചിയോട്. ചേച്ചി എന്റെ ഫേസ്ബുക്ക് കമന്റ് രോഹിത്തേട്ടന് മെൻഷൻ ചെയ്തില്ല എന്നുണ്ടെങ്കിൽ രോഹിത്തേട്ടൻ ഇതറിയില്ല. പിന്നെ രോഹിത്തേട്ടനോടാണ്, കഴിഞ്ഞ 8 മാസമായി ചേട്ടൻ ഇതിന്റെ പുറകെയുണ്ട്. എന്റെ സമയം, എന്റെ സൗകര്യം ഒക്കെ നോക്കി രോഹിത്തേട്ടൻ ഹരിപ്പാട് വെച്ച് ആ സ്വപ്നം സഫലമാക്കി.

ഒരുപാട് നന്ദിയുണ്ട്..സ്നേഹമുണ്ട്..
രോഹിത്തേട്ടാ… താങ്ക്യൂ… മഞ്ജു ചേച്ചി.. താങ്ക്യൂ…!”

ഹരിപ്പാട് പരിസരത്തായി ചിത്രീകരണം നടക്കുന്ന സന്തോഷ്‌ ശിവന്‍ ചിത്രം ‘ജാക്ക് ആന്‍ഡ്‌ ജില്ലി’ന്റെ ജോലികള്‍ക്കിടയിലാണ് മഞ്ജു ആരാധകന് വേണ്ടി സമയം കണ്ടെത്തിയത്.  കൃഷ്ണകുമാറിന്റെ കണ്ട സംഭവം മഞ്ജു വിവരിച്ചിരിക്കുന്നത് ഇങ്ങനെ.

“പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ’ എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാര്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി ചക്രക്കസേരയിലിരുത്തിയിരിക്കുകയാണ് ഈ യുവാവിനെ. ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്‍പെട്ടതാണിത്. പക്ഷേ കൃഷ്ണകുമാറിനെ തോല്പിക്കാന്‍ ഈ ജനിതകരോഗത്തിന് സാധിച്ചിട്ടില്ല. ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും മനസിനെ വിശാലമായ ആകാശങ്ങളിലേക്ക് പറത്തിവിട്ടുകൊണ്ട് കൃഷ്ണകുമാര്‍ പലതും ചെയ്യുന്നു. തന്നെപ്പോലെ ഡിസ്‌ട്രോഫി ബാധിതരായവര്‍ക്കുവേണ്ടി MIND എന്ന സംഘടനയുണ്ടാക്കിയതുമുതല്‍ ശാരീരിക വൈഷമ്യങ്ങളനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വന്തമായി വീല്‍സ് ഓണ്‍ വീല്‍ കാര്‍ മോഡിഫിക്കേഷന്‍ കമ്പനി എന്ന സ്വപ്‌നത്തില്‍ വരെയെത്തുന്നു അത്. കൃഷ്ണകുമാര്‍ അരികിലിരുന്നപ്പോള്‍ ഇച്ഛാശക്തിയുടെ പ്രകാശം ചുറ്റും നിറയുന്നതുപോലെയാണ് തോന്നിയത്. യൂറോപ്പിലേക്ക് പറക്കണമെന്ന മോഹവും അദ്ദേഹം പങ്കുവച്ചു. പ്രിയപ്പെട്ട കൃഷ്ണകുമാര്‍…നിങ്ങള്‍ ചിറകില്ലാത്തവനല്ല…അനേകര്‍ക്ക് പ്രത്യാശ നല്കുന്ന,അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്…നിങ്ങൾ കൂടുതൽ ഉയരേക്ക് പറക്കൂ….

ഈ കൂടിക്കാഴ്ചക്ക് നിമിത്തമായ പ്രിയ സഹോദരൻ ശ്രീ. ഷിബുവിന് നന്ദി…”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook