മഞ്ജു വാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് ഒരുവേള സംശയിക്കേണ്ടിയിരിക്കുന്നു, അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു. സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയും സ്വന്തം വീട്ടിലെ കുട്ടിയെ എന്നതുപോലെയാണ് മലയാളികൾ മഞ്ജുവിനെ ചേർത്തുപിടിച്ചത്. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചു കൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും സൂപ്പർസ്റ്റാർ ആയി മാറി.
സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഏറെയിഷ്ടമാണ്. സ്ക്രീനിനു പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് താൽപ്പര്യമേറെയാണ്. നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.
മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പലപ്പോഴും സോഷ്യൽ മീഡിയയുടെ ആഘോഷമായി മാറാറുണ്ട്. അനുദിനം ചെറുപ്പമാകുന്ന, പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. എല്ലാ തരം വസ്ത്രങ്ങളും മഞ്ജുവിന് ഇണങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. മുണ്ടും നേര്യതുമണിഞ്ഞെത്തിയാൽ തനി മലയാളിയാവുന്ന മഞ്ജു, വെസ്റ്റേൺ വസ്ത്രങ്ങളും അതിന്റെ ആറ്റിറ്റ്യൂഡോടെ തന്നെ അണിയുന്നു.
കഴിഞ്ഞ ദിവസം ഒരു വേദിയിൽ അതിഥിയായി എത്തിയപ്പോഴുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാംപയിന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മഞ്ജു.
രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. ഇപ്പോൾ അജിതിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ.
കയറ്റം, വെള്ളരിപട്ടണം, അയിഷ എന്നിവയാണ് ഇനി തിയേറ്ററിൽ എത്താനുള്ള മഞ്ജു ചിത്രങ്ങൾ.