മഞ്‌ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മഞ്‌ജുവിനൊപ്പം പുതുമുഖങ്ങളായ കുട്ടികളാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങി. ചിത്രീകരണം തുടങ്ങുന്നുവെന്ന് സിനിമയുടെ നിർമാതാവായ ജോജു ജോർജാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ലൊക്കേഷനിൽ നിന്നുളള ചിത്രവും ജോജു പങ്ക് വച്ചിട്ടുണ്ട്.
പ്രത്യേകതകൾ ഒരുപാടുണ്ട് അണിയറയിൽ ഒരുങ്ങുന്ന ഈ പേരിടാത്ത ചിത്രത്തിന്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നിരവധി പേർ ഒന്നിക്കുന്ന ഒരു ചിത്രമാണിത്.

ദുൽഖർ സൽമാൻ നായകനായെത്തിയ ചാർലിയുടെ നിർമാതാക്കളാണ് ഈ ചിത്രവും നിർമിക്കുന്നത്. സിനിമയുടെ സംവിധായകൻ കൂടിയായ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജും ഷെബിൻ ബെക്കറുമായിരുന്നു ചാർലിയുടെ നിർമാതാക്കൾ. ഇതിലെ മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ് മഞ്‌ജു നായികയാവുന്ന ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ പ്രവീൺ സി. ജോസഫാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. അനുരാഗകരിക്കിൻ വെളളമെന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നവീൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ