കുറച്ചു ദിവസങ്ങൾക്കു മുൻപ് നടി മഞ്ജു വാര്യർ ആരാധകരോടു താൻ ഒരു യാത്ര പോകുന്നെന്ന കാര്യം പറഞ്ഞിരുന്നു. അതിനു ശേഷം മഞ്ജുവിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത് യാത്രാചിത്രങ്ങളാണ്. ഇറ്റലിലേയ്ക്കായിരുന്നു മഞ്ജുവിന്റെ യാത്ര. റോമും ജെറുസലേമുമൊക്കെ ചുറ്റിനടന്ന് കാണുകയാണ് മലയാളത്തിന്റെ സുപ്പർസ്റ്റാർ. താരങ്ങളായ രമേഷ് പിഷാരടിയും മിഥുൻ രമേഷുമുണ്ട് മഞ്ജുവിനൊപ്പം. അനവധി ആരാധകരാണ് മഞ്ജുവിന്റെ യാത്രാചിത്രങ്ങൾ ഏറ്റെടുക്കുന്നത്. ഒരു യാത്രയ്‌ക്കൊരുങ്ങുകയാണെന്ന് മഞ്ജു കുറിച്ചപ്പോൾ നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ചത്.
ഡിസംബർ മിസ്റ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും താരങ്ങളുടെ ഒരു സംഘം തന്നെ അടുത്തിടെ ജെറുസലേമിൽ എത്തിയിരുന്നു.ഇതിനായാണ് മഞ്ജുവും അവിടെയെത്തിയത്. താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്,നീരജ് മാധവ് എന്നിവരും ഷോയുടെ ഭാഗമായി എത്തിയിരുന്നു. യാത്രയ്ക്കിടയിൽ ബത്ലഹേം വീഥികളിൽ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
അജിത്തിനൊപ്പം എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മഞ്ജു. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുനിവ്’. വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നിവയാണ് അജിത്-വിനോദ് കൂട്ടുക്കെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ‘തുനിവ്’ നിർമിക്കുന്നത്. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങൾ.