കരിയറിലെ സുപ്രധാനമായൊരു ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. വെട്രിമാരന്റെ ധനുഷ് ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനൊപ്പം എത്തിയ ‘ലൂസിഫർ’ സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുന്നു. മഞ്ജു കൂടി ഭാഗമായ, രണ്ട് പ്രശസ്ത സംവിധായകരുടെ, മരക്കാര്‍-അറബിക്കടലിന്റെ സിംഹം (പ്രിയദര്ശന്), ജാക്ക് ആന്‍ഡ് ജില് (സന്തോഷ് ശിവന്) ചിത്രങ്ങള്‍ വരാനിരിക്കുന്നു. പെട്ടന്ന് സ്പോട്ട്ലൈറ്റ് വീണ്ടും മഞ്ജുവിലേക്ക് തിരിഞ്ഞിരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം.
‘ലൂസിഫര്‍’ അനുഭവങ്ങളെ കുറിച്ചും, തമിഴ്-അരങ്ങേറ്റ ചിത്രം ‘അസുരനെ’ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് മഞ്ജു വാര്യർ. ഭാഷകൾക്കപ്പുറത്തേക്ക് തന്റെ കരിയർ വളരുമ്പോഴും മലയാളത്തിന്റെ അഭിമാന താരം മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം ഒരിക്കൽ കൂടി പങ്കു വയ്ക്കുകയാണ് മഞ്ജു.
‘ലൂസിഫര്‍’ പ്രതികരണങ്ങള്‍ ?
വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് രസകരമായ നിരീക്ഷണങ്ങളാണ് ആളുകൾ പങ്കു വയ്ക്കുന്നത്. ഈ സിനിമ ചെയ്യുമ്പോൾ രാജുവിന്റെ ആത്മവിശ്വാസവും കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്ന രീതിയുമൊക്കെ കാണുമ്പോൾ എല്ലാവർക്കും നല്ല പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടായിരുന്നു. എല്ലാ സിനിമയും പോസിറ്റീവ് റിസൽറ്റ് ലഭിക്കണമെന്ന പ്രാർത്ഥനയോടെയും ആത്മാർത്ഥതയോടുമാണ് ചെയ്യുന്നത്. ആളുകളുടെ ടേസ്റ്റും സ്വീകാര്യതയും അനുസരിച്ചാണ് റിസൽട്ട് ലഭിക്കുന്നതെന്നു മാത്രം. ചിത്രം നല്ല രീതിയിൽ സ്വീകരിക്കപ്പെടുമ്പോൾ സന്തോഷമുണ്ട്.
ഓരോ ചിത്രവും തരുന്ന അനുഭവം വ്യത്യസ്തമാണല്ലോ. ‘ലൂസിഫർ’ തന്ന അനുഭവം, അഭിനയത്തെയും സംവിധാനത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ – അതെന്തായിരുന്നു?
‘ലൂസിഫർ’ എല്ലാവരും ഉറ്റുനോക്കിയിരുന്ന ഒരു സിനിമയാണെന്ന് പറയാം. രാജുവിന് സിനിമയോടുള്ള പാഷനും അറിവും ടെക്നിക്കൽ പരിജ്ഞാനവും ഉണ്ടെന്നു എല്ലാവർക്കും അറിയാം. രാജുവിന്റെ അഭിമുഖങ്ങളിൽ നിന്നും സംസാരത്തിൽ നിന്നുമൊക്കെ സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ മനസ്സിലാവും. രാജു ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ, ആ പാഷനും അറിവുകളുമെല്ലാം എങ്ങനെ ഇംപ്ലിമെന്റ് ചെയ്യും എന്നത് അറിയാനായിരുന്നു കൗതുകം. പിന്നെ ലാലേട്ടനെ പോലൊരു നടനെ എങ്ങനെയാവും രാജു സിനിമയിൽ ഉപയോഗപ്പെടുത്തുക എന്നറിയാനുള്ള ആകാംക്ഷ. അത് ഇൻഡസ്ട്രിയിലുള്ളവർ മാത്രമല്ല, പുറത്തുള്ള പ്രേക്ഷകരും ആകാംക്ഷയോടെ നോക്കിയിരുന്ന കാര്യമാണല്ലോ. ആദ്യ ദിനം തന്നെ ചിത്രത്തിന് ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന പ്രതികരണങ്ങളും പോസിറ്റീവായ റിവ്യൂകളും ലഭിക്കുമ്പോള്‍ അതൊരു ഹൃദയം നിറയ്ക്കുന്ന അനുഭവമായി മാറുകയാണ്.
കരിയറിലെ സുപ്രധാനമായൊരു തീരുമാനമെടുത്തിരിക്കുന്നു, തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. അതും വെട്രിമാരനെ പോലെ ദേശീയതലത്തിൽ വരെ ശ്രദ്ധേയനായ ഒരു സംവിധായകന്റെ ചിത്രത്തിൽ ?
സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ അധികം പറയാറായിട്ടില്ല, ഷൂട്ട് തുടങ്ങി രണ്ട് ഷെഡ്യൂൾ ആയിട്ടേയുള്ളൂ. ‘അസുരനെ’ കുറിച്ചു പറയുകയാണെങ്കിൽ നല്ലൊരു കോമ്പിനേഷനാണ് അത്. ഏവർക്കും ഇഷ്ടപ്പെട്ട ഒരു കോമ്പിനേഷൻ, വെട്രിമാരനും- ധനുഷും. ചെയ്ത സിനിമകളൊക്കെതന്നെ ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടവർ.
ഞാൻ ഒബ്സർവ്വ് ചെയ്തപ്പോൾ മലയാള ഇൻഡസ്ട്രിയിൽ എന്നേക്കാളും എക്സൈറ്റ്മെന്റ് എന്റെ സഹപ്രവർത്തകർക്കാണ്, ധനുഷിനൊപ്പം ഞാന്‍ വെട്രിമാരൻ സിനിമയിൽ അഭിനയിക്കുന്നു എന്നതിൽ. അത്രമാത്രം ആ ഒരു കോമ്പിനേഷൻ നമ്മുടെ ഇൻഡസ്ട്രി ആസ്വദിക്കുന്നുണ്ട്. അതിന്റെ ഭാഗമാവുമ്പോൾ ചിത്രം നല്ല രീതിയിൽ വരണമെന്നാണ് ആഗ്രഹം.
വെട്രിമാരന്റെ മുൻചിത്രങ്ങളെല്ലാം പുരുഷ കേന്ദ്രീകൃതമായ തീമുകളാണല്ലോ കൈകാര്യം ചെയ്തിരുന്നത്. അത്തരം സിനിമകളിൽ നിന്നും മാറി സ്ത്രീകൾക്കു കൂടി പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്ന് വെട്രിമാരൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ ശ്രമങ്ങളുടെ കൂടെ തുടർച്ചയായി കരുതാവുന്ന ചിത്രമാണ് ‘അസുരൻ’. അസുരൻ’ സമ്മാനിക്കുന്ന അനുഭവമെന്താണ്?
വെട്രിമാരന്റെ ഭാഗത്തു നിന്നുള്ള ഒരു മനോഹരമായ ചിന്തയാണത്, അല്ലേ? പോസ്റ്ററിൽ അവരെന്റെ പേരു ചേര്‍ത്താണ് ആ ചിത്രം അനൗൺസ് ചെയ്തത്. സാധാരണ നിലയിൽ തമിഴ് സിനിമയുടെ ഒരു രീതിയിൽ ആണെങ്കിൽ ധനുഷ് – അസുരൻ എന്നു വച്ചാൽ മതി. പക്ഷേ അവർ അതു ചെയ്തത്, മലയാള സിനിമയോടുള്ള ആദരവിന്റെ കൂടെ ഭാഗമായിട്ടാണെന്നാണ് എനിക്ക് തോന്നിയത്. ചിത്രം അനൗൺസ് ചെയ്തപ്പോൾ കുറേയെറെ പേർ എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചു, അധികം സംഭവിക്കാത്ത, നല്ല പ്രവണതയാണിത്. അതിനു പാത്രമാകുന്നു എന്നു പറയുന്നത് എന്റെ കൂടെ ഭാഗ്യമായി കാണുന്നു.
ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഷൂട്ടിംഗിന്റെ ഇടവേളകളിലൊക്കെ അവർ നമ്മുടെ ഇൻഡസ്ട്രിയെ കുറിച്ച് സംസാരിക്കുന്നതും വിശേഷങ്ങൾ തിരക്കുന്നതുമൊക്കെ. മോഹൻലാൽ, മമ്മൂട്ടി എന്നു തുടങ്ങി മലയാള സിനിമയിലെ പുതിയ താരങ്ങളെ വരെ അവർ നന്നായി നിരീക്ഷിക്കുന്നുണ്ട്. അത് നമുക്കും നമ്മുടെ ഇൻഡസ്ട്രിയ്ക്കും തരുന്ന വലിയൊരു ആദരവാണ്.
Read more: മഞ്ജുവോളം നന്നായി ഇതവതരിപ്പിക്കാന്‍ മറ്റാരുമില്ല: വെട്രിമാരന്
തമിഴിലേക്കുള്ള അരങ്ങേറ്റത്തോടെ കരിയർ മറ്റൊരു സ്റ്റേജിലേക്ക് പ്രവേശിക്കുകയാണല്ലോ. ‘ഹൗ ഓൾഡ് ആർ യൂ’, ‘സൈറ ബാനു’, ‘മോഹൻലാൽ’ എന്നു തുടങ്ങി നായികാപ്രാധാന്യമുള്ള ചിത്രങ്ങളിൽ നിന്നും മാറി ഇപ്പോൾ ‘ലൂസിഫർ’ പോലുള്ള മൾട്ടി സ്റ്റാർ ചിത്രങ്ങളുടെയും ഭാഗമാകുന്നു. ഏതു തരം ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് ഇനി മുന്നോട്ടുള്ള യാത്രയിൽ ലക്ഷ്യം വയ്ക്കുന്നത്?
മുൻപും എല്ലാ തരത്തിലുള്ള സിനിമകളും ഞാൻ ചെയ്തിട്ടുണ്ടല്ലോ. അതിനിടയിൽ ‘ഫീമെയിൽ സെൻട്രിക്’ ആയ ചിത്രങ്ങളും ചെയ്തു എന്നു മാത്രം. ലാലേട്ടനൊപ്പം തന്നെ ‘എന്നും എപ്പോഴും’, ‘ഒടിയൻ’ പോലുള്ള ചിത്രങ്ങൾ ചെയ്തു. റിമയ്ക്കൊപ്പം ‘റാണി പത്മിനി’, ‘വേട്ട’… അങ്ങനെ നിരവധി ചിത്രങ്ങൾ.
‘സൈറ ബാനു’ പോലെയുള്ള ‘ഇൻഡിപെൻഡന്റ്’ സിനിമകൾ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടതു കൊണ്ടാവാം അത്തരം ചിത്രങ്ങൾ കൂടുതലായി ഓർമ്മിക്കപ്പെടുന്നത്. എന്തെങ്കിലും ചെയ്യാനുള്ള, ആളുകളുടെ മനസ്സില്‍ ഒരു കൈയ്യൊപ്പ് അവശേഷിപ്പിക്കാന്‍ സാധ്യതയുള്ള വേഷങ്ങൾക്കേ സംവിധായകരും എന്നെ വിളിച്ചിട്ടുള്ളൂ. അതു തന്നെ ഒരു ഭാഗ്യമായി കരുതുന്നു. കഥയിൽ എന്റെ കഥാപാത്രത്തിനൊരു സ്ഥാനമുണ്ട്, സിനിമ കണ്ടിറങ്ങുമ്പോഴും ആ കഥാപാത്രം പ്രേക്ഷകർ ഓർക്കുന്നു- അത്തരം കഥാപാത്രങ്ങൾ ചെയ്യുക എന്നുള്ളതാണ്. അതു തന്നെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും.
മോഹൻലാലിനൊപ്പം കുറേയേറെ സിനിമകൾ ചെയ്തല്ലോ. അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ഇതു വരെ ഒരു ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല. മമ്മൂട്ടിയ്ക്കൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്ന ആഗ്രഹം മുൻപ് പലവട്ടം മഞ്ജു തന്നെ പങ്കുവച്ചിട്ടുമുണ്ട്. അതു പോലൊരു പ്രൊജക്റ്റ് ഉടനെ കാണാൻ സാധിക്കുമോ പ്രേക്ഷകർക്ക്?
ലാലേട്ടനൊപ്പവും ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല, ഏഴു പടങ്ങളെ ചെയ്തിട്ടുണ്ടാവൂ. മമ്മൂക്കയ്ക്ക് ഒപ്പം ഒരു സിനിമ എന്നത് സ്വപ്നമാണ്. അതിനായി ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് അതു സംഭവിക്കട്ടെ. അതിനുള്ളൊരു അനുവാദം മമ്മൂക്ക തരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്.
എന്തൊക്കെയാണ് പുതിയ പ്രൊജക്റ്റുകൾ?
‘കുഞ്ഞാലി മരയ്ക്കാറി’ന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയായതേയുള്ളൂ. ‘അസുരന്റെ’ ചിത്രീകരണം നടക്കുന്നു. സന്തോഷ് ശിവന്റെ ‘ജാക്ക് ആന്‍ഡ് ജില്’ പൂര്‍ത്തിയായി. പുതിയ ചിത്രങ്ങളൊന്നും കമിറ്റ് ചെയ്തിട്ടില്ല.