മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്ക് എത്തുന്ന ‘അസുരന്’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന വെള്ളിയാഴ്ചയാണ് കേരളത്തില്‍ ഉള്‍പ്പടെ ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകന്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മഞ്ജുവിന്റെ തന്റെ മുന്‍കാല ചിത്രമായ ‘കന്മദ’ത്തിലെ ഭാനുമതി എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പും മുഖഭാവവുമാണ് മഞ്ജുവിനു ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ വേഷങ്ങളില്‍ ഒന്നായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത ‘കന്മദ’ത്തിലെ വേഷം. എന്നാല്‍ ഭാനുമതിയില്‍ ഏറെ വ്യത്യസ്ഥയാണ് ‘അസുരനിലെ’ പച്ചൈയമ്മ എന്ന് മഞ്ജു പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്കിയ അഭിമുഖത്തിലാണ് മഞ്ജു ‘അസുരന്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്.
“ഈ ചിത്രത്തിലെ എന്റെ ലുക്കിന് ഭാനുമതിയുമായി സാമ്യമുണ്ട് എന്ന് പറയാത്തതായി ആരും തന്നെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം. അത്രയധികം പേര് എന്നോട് പറഞ്ഞിരുന്നു, ‘കന്മദം’ ഓര്‍മ്മ വരുന്നു എന്ന്. ആ വേഷവും, ജോഗ്രഫിയും, സ്കിന്‍ ടോണും ഒക്കെ ആയിരിക്കണം ഭാനുവിനെ ഓര്‍മ്മപ്പെടുത്തിയത്. പക്ഷേ ഭാനുമതിയെപ്പോലെയാണ് പച്ചൈയമ്മ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാനുവിന് ഒരു ഫയര്‍ ഉണ്ടായിരുന്നു, പക്ഷേ പച്ചൈയമ്മയ്ക്ക് വേറെ തന്നെ ഒരു ഫയര്‍ ആണുള്ളത്,” മഞ്ജു വാര്യര്‍ വെളിപ്പെടുത്തി.
Read Manju Warrier Interview Full Text Here: പുതിയ തുടക്കം, പഴയ ഞാൻ: മഞ്ജു വാര്യർ മനസ്സു തുറക്കുന്നു
Manju Warrier on her character in Vetrimaaran – Dhanush ‘Asuran’: ‘അസുരനിലെ’ കഥാപാത്രം
ഇതൊരു ഫാമിലി ഡ്രാമയാണ്. എല്ലാ കുടുംബങ്ങളിലും ഉള്ള പോലെ കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീ. അത്തരത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്ന പച്ചയമ്മ. ഈ കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളും കഥയിൽ ഒരുപോലെ പ്രധാനമാണ്. പൂമണി എന്ന എഴുത്തുകാരന്റെ ‘വെക്കൈ’ എന്ന നോവലിന്റെ അവലംബമാണ് ഈ ചിത്രം.
വെട്രിമാരൻ – ധനുഷ് എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം
ഏറ്റവും ‘welcoming, warm, sweet’ എന്നൊക്കെ പറയാവുന്ന പെരുമാറ്റം ആയിരുന്നു അവരുടേത്. പക്ഷേ മാറിയ അന്തരീക്ഷമാണോ, തമിഴാണ് സംസാരിക്കേണ്ടത് എന്നതാണോ… എന്താണ് എന്നറിയില്ല. എന്റെ ഒരു പരിഭ്രമവും സഭാകമ്പവുമൊക്കെയായിരുന്നു ആദ്യത്തെ ഒരാഴ്ച, അല്ലെങ്കിൽ ഒരു പത്തു ദിവസം പ്രശ്നം. നമ്മൾ തമിഴ് സിനിമയെക്കുറിച്ചു കേട്ട് പരിചയമേ ഉള്ളൂ. അവിടെ ആളുകൾ എങ്ങനെയാണ്, കാര്യങ്ങൾ എങ്ങനെ തുടങ്ങിയ പരിചയക്കുറവ് ആയിരുന്നിരിക്കാം. നമ്മൾ ചെയ്യുന്നത് ശരിയാണോ, എത്രയും നല്ലൊരു കഥാപാത്രം നമ്മളെ വിശ്വസിച്ചേൽപ്പിച്ചിട്ടു മോശമാക്കരുത്, പിന്നെ ഞാൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന് മീഡിയ ഹൈപ്പ്, ഇതൊക്കെ ചേർന്ന ഒരു ‘nervous excitement’ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഒരു പേടിയോ, വേണ്ടായിരുന്നു എന്ന തോന്നലോ അല്ല, സന്തോഷം തന്നെയായിരുന്നു.
ലളിതമായി പറഞ്ഞാൽ, ചെയ്തു ശീലമുള്ള ജോലിയാണ് എങ്കിലും മറ്റൊരു സാഹചര്യത്തിൽ അത് ചെയ്യേണ്ടി വരുമ്പോൾ നമ്മൾ ഒന്നു സെറ്റിൽ ആവാൻ എടുക്കുന്ന സമയം. സ്കൂൾ മാറി പുതിയ സ്കൂളിൽ പോകുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ.
എന്നെ സംബന്ധിച്ച് തുടക്കത്തിൽ ‘സാക്ഷ്യം’ ചെയ്തിട്ടുണ്ട് എങ്കിലും, ഒരു പ്രധാന വേഷം എന്ന് പറയുന്നത് ‘സല്ലാപം’ ആയിരുന്നു. ‘സല്ലാപത്തിൽ’ അഭിനയിച്ച ഫീൽ ഒന്ന് കൂടി അനുഭവിക്കാൻ കഴിഞ്ഞു ‘അസുരനിൽ’. അത്രയും തന്നെ ‘nervous’ ആയിരുന്നു ഇവിടെയും. പക്ഷേ ഒരു തരത്തിൽ അതൊരു സന്തോഷവും ആണ്. ആദ്യമായി ഒരു കാര്യം ചെയ്യുന്നതിന്റെ ഒരു ത്രില്ല്. ഇനി ഞാൻ ഒരു തമിഴ് പടത്തിൽ അഭിനയിക്കുമ്പോൾ അത് കിട്ടില്ല. ഒരു സിനിമയുടെ അനുഭവം ഉണ്ട്, അത് മായ്ച്ചു കളയാൻ പറ്റില്ലല്ലോ. മറ്റൊരു പുതിയ തുടക്കം, അതിന്റെ ഫ്രഷ്നെസ് അതൊക്കെ രസമാണ്
.
മറ്റൊരു കാര്യം വെട്രിമാരൻ – ധനുഷ് എന്നിവർ മലയാളം സിനിമയെ കാര്യമായി നിരീക്ഷിക്കുന്നവരാണ്. ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചു അവർ ‘അപ്ഡേറ്റഡ്’ ആണ്. മലയാള സിനിമയെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുകയും സത്യസന്ധമായി അഭിപ്രായം പറയുകയും ചെയ്യുന്നവരാണ്. പക്ഷേ എന്നെ ഒരു മലയാളം താരമായി അവർ കണ്ടില്ല, അവരിൽ ഒരാളായാണ് കണ്ടത്. അതിന്റെ ഒരു ഉദാഹരണം, എനിക്ക് അവർ ‘അസുരന്റെ’ തിരക്കഥ അവർ തന്നത് തമിഴിലാണ്. ഒരു ചെറുചിരിയോടെയാണ് അത് തന്നത്. ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു. ഇതെന്താ ഇങ്ങനെ എന്ന്. പിന്നെ എനിക്ക് മനസ്സിലായി. അതൊരു ‘statement’ ആണ് എന്ന്.
എനിക്ക് തമിഴ് വായിക്കാൻ അറിയാം. അത് അവർക്കും അറിയാം. പക്ഷേ വേണമെങ്കിൽ അവർക്കു ഇംഗ്ലീഷിലോ, മലയാളത്തിലോ ആക്കി തരാമായിരുന്നു. അതവർ ചെയ്തില്ല. അവരുടെ ഒരാളെപ്പോലെ തന്നെയാണ് ട്രീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് അതിൽ നിന്നും വ്യക്തമായി. അതൊക്കെ വരെ മനോഹരമായി തോന്നിയ അനുഭവങ്ങളാണ്.

Read Here: മഞ്ജുവോളം നന്നായി ഇതവതരിപ്പിക്കാന്‍ മറ്റാരുമില്ല: വെട്രിമാരന്
‘അസുരനിലെ’ വിവിധ ലുക്കുകള്‍
വിവിധ ലുക്ക് എന്ന് പറയുമ്പോൾ, ഒരേ കഥാപാത്രത്തിന്റെ വിവിധപ്രായങ്ങൾ ആണ്. പ്രായം കൂടുന്നത് അനുസരിച്ചുള്ള ഒരു ‘പ്രോഗ്രഷൻ’ ആണ്. ധനുഷിനാണ് എന്നെക്കാളും കൂടുതൽ ഉള്ളത്. എന്റെ കഥാപാത്രം ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാണ് എത്തുന്നത്. Interesting ആയിരുന്നു അത്. നമുക്ക് നമ്മുടെ പല പ്രായാവസ്ഥകൾ കാണാൻ പറ്റുക എന്നത് ഒരു രസകരമായ കാര്യമല്ലേ. എന്നെ സംബന്ധിച്ച്, തമിഴ് ലുക്ക് തന്നെ വ്യത്യാസമുള്ള ഒന്നായിരുന്നു. അതിനൊപ്പം age portrayal കൂടി വന്നപ്പോൾ ഒന്ന് കൂടി interesting ആയി.
കുറെയേറെ Nostalgia കൊണ്ട് വന്ന ചിത്രം കൂടിയാണ് ‘അസുരൻ’. ഞാൻ ജനിച്ചു വളർന്നത് തമിഴ്നാട്ടിലാണ് (നാഗർകോവിൽ). ഞങ്ങൾ ഷൂട്ട് ചെയ്തത് interior സ്ഥലങ്ങളിലാണ്. തമിഴ് സംസാരിക്കുന്ന ആളുകൾ, ബോർഡ് ഒക്കെ തമിഴിൽ, മണ്ണിന്റെ നിറം, അവിടുത്തെ റോഡുകൾ, അങ്ങനെ ഞാൻ ഒരു ‘Nostalgia trip’പ്പിൽ ആയിരുന്നു.