മാധവികുട്ടിയെയാണോ മഞ്ജു വാര്യരെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഒരു ശരാശരി മലയാളിയ്ക്ക് എന്ത് ഉത്തരമുണ്ടാകും? ഉത്തരമില്ല എന്ന് പറയാനുള്ള സാധ്യതകളാവും കൂടുതല്‍. അത് തന്നെയാവണം മാധവികുട്ടിയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’ നേരിടുന്ന പ്രധാന പ്രതിസന്ധി.
കാരണം മലയാളിക്ക് അവര്‍ രണ്ടും രണ്ടാണ്. അത്രമേല്‍ പ്രിയപ്പെട്ട രണ്ടു പേര്. ഇവരില്‍ ഒരാളെ മറ്റൊരാളായി സങ്കല്പ്പിക്കാന് ഒട്ടും എളുപ്പമല്ല താനും. ‘ആമി’യ്ക്ക് മഞ്ജു വാര്യര്‍ കൈ കൊടുത്തപ്പോള്‍, ‘Not by choice, but by chance’ ആയിരുന്നെങ്കില്‍ കൂടി, അത് അവരുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ‘risky’ സംരംഭമായി മാറി. തിയേറ്ററുകളില്‍ എത്തിയ ‘ആമി’ സ്നേഹവും ദേഷ്യവും അടുപ്പവും അകലവും ഇഷ്ടവും ഇഷ്ടക്കേടുമെല്ലാം തിളച്ചു തൂവിയ സമ്മിശ്ര വികാരങ്ങളുടെ ഒരു ‘Pandora Box’ തുറക്കുമ്പോള്‍, മഞ്ജു വാര്യര്‍ സംസാരിക്കുകയാണ് – ആമിയായതിന്റെ ‘process’നെക്കുറിച്ച്, തന്നെ സ്നേഹിക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും കുറിച്ച്, സിനിമ മാത്രമുള്ള, എന്നാല്‍ സിനിമായാക്കാനും മാത്രമൊന്നുമില്ലാത്ത തന്റെ കൊച്ചു ജീവിതത്തെക്കുറിച്ച്… ഐ ഇ മലയാളം അഭിമുഖം.
?ഫാന്‍സ് അസോസിയേഷന് ഉള്ള കേരളത്തിലെ ഒരേയൊരു നടിയാണ് മഞ്ജു. ഒരു ശരാശരി മഞ്ജു ഫാനിന് ‘ആമി’ എന്തായിരുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. ചിത്രത്തിലെ മേക്ക് ഓവറിനെക്കുറിച്ചും അഭിനയത്തിലെ പുതുമ, വ്യത്യസ്തത എന്നിവയെക്കുറിച്ചുമെല്ലാം അവര്‍ (ഫാന്‍സ്) നല്കുന്ന ഫീഡ്ബാക്ക് എന്താണ്.
അയ്യോ, ഫാന്‍സ് അസോസിയേഷനൊക്കെ ഉണ്ടോ? ഫാന്‍സ് എന്ന് പറയുന്നതിനേക്കാള്‍ എന്നെ സ്നേഹിക്കുന്ന, ഇഷ്ടപ്പെടുന്ന കുറേ പേരുടെ കൂട്ടായ്മ എന്നു പറയാനാണ് എനിക്കിഷ്ടം. പിന്നെ ഫാന്‍സിന്റെ എണ്ണം നോക്കി നമുക്ക് ഒരാളെ വിലയിരുത്താനാകില്ലല്ലോ.
‘ആമി’ എന്ന ചിത്രത്തിന് രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇഷ്ടമായി എന്ന് ഒരുപാടു പേര് പറഞ്ഞു. “ആദ്യം വിചാരിച്ചത് സിനിമ നന്നാകില്ല എന്നായിരുന്നു. എന്നാല്‍ തിയേറ്ററില്‍ പോയി ചിത്രം കണ്ടപ്പോള്‍ അങ്ങനെ കരുതിയതില്‍ കുറ്റബോധം തോന്നി മഞ്ജുവിനോട് മാപ്പുപറയാന്‍ തോന്നി” എന്നു പറഞ്ഞവര്‍ വരെയുണ്ട്. അത്തരത്തിലുള്ള കുറേ വോയ്സ് ക്ലിപ്പുകള്‍ എന്റെ കൈയ്യില്‍ ഉണ്ട്. എല്ലാം കേള്‍ക്കുമ്പോള്‍ സന്തോഷം. ഞാന്‍ വിചാരിച്ചതിലും വലിയൊരു റിസല്‍ട്ടാണ് ലഭിച്ചത്.
അതുപോലെ ഇഷ്ടമായില്ല, രൂപസാദൃശ്യമില്ല എന്നു വിമര്‍ശിച്ചവരും ഉണ്ട്. ആ അഭിപ്രായത്തെയും ഞാന്‍ ബഹുമാനിക്കുന്നു. കാരണം ആമി മാധവിക്കുട്ടിയെക്കുറിച്ചാണ്. മാധവിക്കുട്ടി ഓരോ വായനക്കാരുടേയും സ്വന്തമാണ്. ഓരോരുത്തരുടേയും മനസ്സില്‍ ഓരോ രൂപമാണ്. അതു കൊണ്ട് വിമര്‍ശനങ്ങളെയും ആ സ്പിരിറ്റിൽ തന്നെ എടുക്കുന്നു. എല്ലാവരേയും ഒരു സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തില്ലല്ലോ. സൂപ്പര്‍ഹിറ്റ് സിനിമകള്‍ പരിശോധിച്ചാലും പോലും നമുക്കത് മനസ്സിലാകും.
?മഞ്ജു ആദ്യമായാണ് ഒരു ബയോപിക് ചെയ്യുന്നത്. അതും മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മാധവിക്കുട്ടിയെക്കുറിച്ചുള്ളത്. ആ ഇഷ്ടം ഒരു വലിയ ബാധ്യത ആയിരുന്നോ, മഞ്ജുവിനേയും മലയാളികള്‍ അത്ര കണ്ടു ഇഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും…
ബാധ്യതയായിരുന്നു എന്നു പറയാന്‍ പറ്റില്ല. ഈ കഥാപാത്രത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കമല്‍ സാറിന്റെ ചുമലില്‍ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ ആമിയാകാന്‍ ഇറങ്ങിയത്. വായിച്ചു പഠിക്കുകയോ, പ്രത്യേകിച്ചൊരു റിസേര്‍ച്ച് നടത്തുകയോ ചെയ്തിട്ടില്ല. അഭിനയിക്കാനുള്ള എന്റെ സന്നദ്ധത മാത്രമായിരുന്നു ഇതിനുള്ള ഏക തയ്യാറെടുപ്പ്. അതിനപ്പുറത്തേക്ക് മാധവിക്കുട്ടിയെക്കുറിച്ച് ഒരുപാട് അറിവുള്ള ആളൊന്നുമല്ല ഞാന്‍. അതു കൊണ്ടു തന്നെ കമല്‍ സാര്‍ പറഞ്ഞ കഥാപാത്രമാകാന്‍ മുഴുവനായി ഞാന്‍ എന്നെ വിട്ടു കൊടുത്തു. ഞാനൊരു ‘ഡയറക്ടേഴ്സ് ആക്ടര്‍’ ആണ്. സ്വന്തമായി കൈയ്യില്‍ നിന്നൊന്നും ചേര്‍ത്തിട്ടില്ല. ഒരുപക്ഷെ, അതെന്റെ പോരായ്മയാകാം. പക്ഷെ ഞാന്‍ അങ്ങിനെയാണ്. ‘ആമി’ മാത്രമല്ല, എന്റെ എല്ലാ സിനിമകളിലും സംവിധായകന് പറയുന്നതു പോലെയേ ഞാന്‍ ചെയ്തിട്ടുള്ളൂ.
?മഞ്ജുവിനും മാധവിക്കുട്ടിയെ വലിയ ഇഷ്ടമാണെന്നു കേട്ടിട്ടുണ്ട്. സ്ക്രീനില്‍ ആമിയെ കണ്ടപ്പോള്‍ എന്തു തോന്നി
ഒരു അഭിനേതാവിനും സ്വന്തം സിനിമ തിയേറ്ററില്‍ പോയി മുഴുവനായി ആസ്വദിച്ചു കാണാന്‍ പറ്റും എന്നെനിക്കു തോന്നുന്നില്ല. ആ സമയത്ത് പ്രൊഡക്ടിനെക്കാള് കൂടുതല്‍ പ്രൊസസ്സിനെക്കുറിച്ചാവും നമ്മള് ചിന്തിക്കുക. ഓരോ സീനും കാണുമ്പോള്‍ അതു ചെയ്ത സാഹചര്യം, അപ്പോളത്തെ നമ്മുടെ അവസ്ഥ, അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് മനസ്സിലേക്കു വന്നത്.
?മുതിര്‍ന്ന മാധവിക്കുട്ടിയായി അഭിനയിച്ച ഭാഗങ്ങളാണ് ഏറ്റവും നന്നായി സ്വീകരിക്കപ്പെട്ടത്. എന്താവാം കാര്യം?
നേരത്തേ പറഞ്ഞതു പോലെ അതെല്ലാം കമല്‍ സാറിന്റെ മിടുക്ക് മാത്രമാണ്. അതിലെ ഓരോ ഫ്രെയിമും അദ്ദേഹത്തിന്റെ മനസില്‍ ഉള്ളതാണ്. അദ്ദേഹത്തിന്റെ കണ്‍വിക്ഷന്‍ അനുസരിച്ച് ഓരോരുത്തരും തങ്ങളെ മുഴുവനായി ആ സിനിമയ്ക്കു വേണ്ടി നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു മാധവിക്കുട്ടി ഉണ്ടായിരുന്നു. അതായി മാറാന്‍ അദ്ദേഹം തരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞാന്‍ ശ്രമിച്ചു. അത്രയേ പറയാനാകൂ.
?വായിച്ചവര്‍ക്കെല്ലാം മാധവിക്കുട്ടി ഓരോന്നാണ്. മഞ്ജുവിന് എന്താണ്/ ആരാണ് മാധവിക്കുട്ടി
ഞാന്‍ മനസ്സിലാക്കിയ മാധവിക്കുട്ടി ഒരുപാടു സ്നേഹം നിറഞ്ഞ, വാത്സല്യം നിറഞ്ഞ, സ്നേഹവും സമാധാനവും ആഗ്രഹിച്ച ഒരു സ്ത്രീയായിരുന്നു. അത്രയേ എനിക്കറിയൂ. കഥകള്‍ കുറേയൊക്കെ വായിച്ചിട്ടുണ്ട്. പക്ഷെ ഞാനത്ര വലിയൊരു വായനക്കാരി അല്ല. മാധവിക്കുട്ടിയെ മുഴുവനായി വായിച്ചിട്ടോ അവരുടെ കൃതികളെ അത്ര കണ്ടു പഠിച്ചിട്ടോ ഇല്ല.
?മാധവിക്കുട്ടിയെ ഒരിക്കല്‍ നേരിട്ടു കണ്ട അനുഭവം
ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. 1998ല്‍ ആണെന്നു തന്നെയാണ് ഓര്‍മ്മ. അത്രയും കാലപ്പഴക്കമുള്ളതുകൊണ്ട് കൃത്യമായി എല്ലാമൊന്നും ഓര്‍മ്മയില്ല. കാണണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നു ഫ്ളാറ്റില്‍ പോയി. എന്റെ കൈയ്യില്‍ നിറയെ കുപ്പിവളകളുണ്ടായിരുന്നു അന്ന്. അതൊക്കെ പിടിച്ചു നോക്കി. എന്നിട്ടെന്നോടു പറഞ്ഞു ‘എനിക്കും കുപ്പിവളകള്‍ ഒരുപാട് ഇഷ്ടമാണ്’ എന്ന്. പിന്നെ ഞാന്‍ സുന്ദരിയാണ് എന്നു പറഞ്ഞു. ഏറ്റവും വലിയ സുന്ദരിയാണ് ഇതു പറയുന്നത്.
?ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ‘ആമി’ എവിടെയാണ്
അങ്ങനെ കഥാപാത്രങ്ങളെ ഒരു തുലാസില്‍ വച്ച് അളക്കാന്‍ പറ്റില്ല. ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും എനിക്കു പ്രിയപ്പെട്ടതാണ്. കമല്‍ സാറിന്റെ തന്നെ ചിത്രങ്ങളില്‍ ഞാന്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. ‘ഈ പുഴയും കടന്ന്’ ആയാലും, ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ ആയാലും, എല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. ഒന്നിനോടു കൂടുതല്‍ ഇഷ്ടം, മറ്റൊന്നിനോടു കുറവ് എന്നൊന്നുമില്ല. ഞാന്‍ ചെയ്തതില്‍ ഏറ്റവും പുതിയ കഥാപാത്രം എന്നു മാത്രമെ തത്ക്കാലം ആമിയെ വിളിക്കുന്നുള്ളൂ.
?ഇനി ഒരു ബയോപ്പിക്ക് ചെയ്യുമെന്നുണ്ടില് ആരെക്കുറിച്ചുള്ളതാവണം എന്നാണു ആഗ്രഹം
ഇപ്പോള്‍ അത്തരം പ്ലാനൊന്നും ഇല്ല. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടും ഇല്ല. ഇതു പോലും തീര്‍ത്തും അപ്രതീക്ഷിതമായി വന്ന അവസരമല്ലേ. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നു മാത്രമേയുള്ളൂ തത്ക്കാലം.
?മഞ്ജു വാര്യരുടെ ജീവിതത്തെക്കുറിച്ചൊരു ബയോപ്പിക്ക് ഉണ്ടെങ്കില്‍, അതില്‍ ആരഭിനയിച്ചു കാണാനാണിഷ്ടം
അയ്യോ വേണ്ട. എന്റേതൊരു കൊച്ചു ജീവിതമാണ്. അതാരും സിനിമയാക്കണ്ട. ഇങ്ങനെയുള്ള കുറച്ചു നല്ല സിനിമകളൊക്കെ ചെയ്തു ജീവിച്ചാല്‍ മതി.
ചിത്രങ്ങള്‍: ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം
Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ