‘ചങ്കല്ല ചങ്കിടിപ്പാണ്’ എന്ന ടാഗ് ലൈനിന് പിറകേ ‘മോഹന്‍ലാലി’ലെ കഥാപാത്രങ്ങളും എത്തുന്നു. ആദ്യത്തെ ക്യാരക്ടര്‍ ഇന്റ്രോഡക്ഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

“മീനുക്കുട്ടി അങ്ങനെയാണ്… ചുറ്റും കാണുന്നവരിൽ ചിലരെ ലാലേട്ടൻ സിനിമയിലെ ഏതെങ്കിലും ഒരു കഥാപാത്രമായി സങ്കൽപ്പിക്കും……അങ്ങനെയാണ് മാർക്കറ്റിലെ വട്ടി പലിശക്കാരൻ ജോസ്……..?

ഈ വിഷുവിന് മീനുക്കുട്ടിയും കുടുംബവും നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ”, എന്നാണ് സാത്താന്‍ ജോസ് എന്ന സലിം കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് മഞ്ജു കുറിച്ചത്. സാത്താന്‍ ജോസ് കീരിക്കാടന്‍ ജോസ് അല്ല എന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

sathan jose in mohanlal

താന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് പല വട്ടം പറഞ്ഞിട്ടുള്ളയാളാണ് മഞ്ജു വാര്യര്‍. അങ്ങനെയുള്ള ഒരു കട്ട ലാല്‍ ഫാനിനെ അവതരിപ്പിക്കുകയാണ് മഞ്ജു ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍.

‘ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍’ എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാലില്ലാത്ത ‘മോഹന്‍ലാല്‍’ എന്ന ചിത്രം എത്തുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാനായ വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

മീനുക്കുട്ടിയെന്നാണ് കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലിന്‍റെ ആദ്യ സിനിമയായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ 1980കളിലെ ക്രിസ്മസ് റിലീസായാണ് തിയേറ്ററില്‍ എത്തുന്നത്. അന്നേ ദിവസം ജനിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലൂടെയാണ് ‘മോഹന്‍ലാല്‍’ പുരോഗമിക്കുന്നത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍.

 

ബാലചന്ദ്ര മേനോന്‍, ഉഷ ഉതുപ്പ്, മണിയന്‍പിള്ള രാജു, കെ.പി.എ.സി ലളിത, അജു വര്‍ഗീസ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മോഹന്‍ലാല്‍’. മൈന്‍ഡ്‌സെറ്റ് മൂവീസിന്‍റെ ബാനറില്‍ അനില്‍ കുമാര്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ