മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു.  അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി കേട്ട് ആനന്ദിച്ച ഒരു വാര്‍ത്തയായിരുന്നു അത്. അഭിനയത്തന്റെയും ജനപ്രീതിയുടെയും തിളക്കത്തില്‍ നിന്നും ഒഴിഞ്ഞു മാറി, നടന്‍ ദിലീപിന്റെ ഭാര്യാ പദവിയിലേക്ക് പോയി ഏറെക്കാലം സിനിമയില്‍ നിന്നും വിട്ടു നിലക്കുകയായിരുന്നു മലയാളി ഏറെ സ്നേഹിച്ച ഈ നടി.

1999ല്‍ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തില്‍ ഉണ്ടായ സിനിമാ ഇടവേള, മഞ്ജു തീര്‍ത്തത് 2014 മുതല്‍ ‘How Old Are you?’ എന്ന ചിത്രത്തിലൂടെയാണ്.  അവിടെ നിന്നും അഞ്ചു വര്‍ഷം കൊണ്ട് വീണ്ടും മലയാളിയുടെ പ്രിയപ്പെട്ട നായികയായി, ലേഡി സൂപ്പർ സ്റ്റാർ ആയി മഞ്ജു മാറിയിട്ട് അഞ്ചു വര്‍ഷം തികയുന്നു.

Happy Birthday Manju Warrier

Manju Warrier

റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ് ആര്‍ യു’ റിലീസ് ചെയ്തിട്ട് അഞ്ച് വർഷം തികയുകയാണ്. ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും വന്ന ദിവസം ഇന്നലെപ്പോലെ ഓർക്കുന്നു എന്ന് മഞ്ജു വാര്യർ പറഞ്ഞു.

സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സിനിമയാണത്. പെണ്മയുടെ വിജയവിളംബരം.  തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞു കൊണ്ട് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു ആ ചിത്രമെന്ന് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ചു കൊണ്ടാണ് മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Read More: Manju Warrier in Asuran: മഞ്ജു വാര്യര്‍ തമിഴിലേക്ക്: വെട്രിമാരന്റെ ‘അസുരനി’ല്‍ ധനുഷിന്റെ നായികയാവും

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ് ആര്‍ യു’ 2014 മേയ് 17നാണ് തിയറ്ററുകളിൽ എത്തിയത്. ബോബി – സഞ്ജയ് കൂട്ടുകെട്ടിൽ പിറന്ന തിരക്കഥയിൽ മഞ്ജു വാര്യർക്ക് ഒപ്പം കുഞ്ചാക്കോ ബോബൻ, കനിഹ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്. മടങ്ങി വരവിൽ തന്നെ മഞ്ജുവിന് ഫിലിം ഫെയർ അവാർഡ് നേടികൊടുക്കാനും നിരുപമ രാജീവ് എന്ന കഥാപാത്രത്തിനായി. പിന്നീട് തമിഴിലും ചിത്രം റീമേക്ക് ചെയ്തു. ജ്യോതികയായിരുന്നു തമിഴിൽ നായികയായെത്തിയത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook