നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് മഞ്ജു വാര്യർ തിരിച്ചെത്തിയതിനു പിന്നിൽ സൗഹൃദത്തിന്റെ പിൻബലവും ഉണ്ടായിരുന്നു. സിനിമാ മേഖലയിൽനിന്നും വർഷങ്ങളായി മാറിനിന്നിരുന്നുവെങ്കിലും തന്റെ സൗഹൃദവലയം മഞ്ജു നഷ്ടപ്പെടുത്തിയിരുന്നില്ല. ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്, സംയുക്ത മേനോൻ, ഭാവന തുടങ്ങിയവർ മഞ്ജുവിന്റെ ഉറ്റ ചങ്ങാതിമാരാണ്.
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ രണ്ടുപേരാണ് ഗീതുവും സംയുക്തയും. ഇടവേളകളിൽ ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മൂവരും മറക്കാറില്ല. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.
മഞ്ജുവും സംയുക്തയും ഗീതുവും ഒത്തുകൂടിയതിന്റെ ഫൊട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗീതുവും മഞ്ജുവും ഇതിന്റെ ഫൊട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എന്തും നേരിടാമെന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം വളരെ സന്തോഷവതിയായ മഞ്ജുവിനെയാണ് കാണാനാവുക.
തന്റെ പുത്തൻ ഹെയർസ്റ്റൈലിലുളള ചിത്രവും മഞ്ജു ഇന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്തവണ ഷോർട്ട് ഹെയർ ലുക്കിലാണ് താരമുളളത്. മുടി കളർ ചെയ്തിട്ടുമുണ്ട്. പുത്തൻ ഹെയർ സ്റ്റൈലിൽ ചിരിച്ചുകൊണ്ടുളള മഞ്ജുവിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’ ആണ് മഞ്ജുവിന്റെ അടുത്ത ചിത്രം. ജയസൂര്യയും മഞ്ജു വാര്യരുമാണ് നായികാനായകന്മാർ. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്.