മഞ്ജുവിനെ കാണാനെത്തി താരത്തെ ആശ്ലേഷിച്ചതിലൂടെ സോഷ്യൽ മീഡിയയിൽ താരമായ മുത്തശ്ശി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു. അതും 80-ാം വയസ്സില്‍. റാബിയ ബീവി എന്ന മുൻ ആകാശവാണി ആർട്ടിസ്റ്റാണ് വെള്ളിത്തിരയിലെത്തുന്നത്.
ചെമ്മീനിലെ കറുത്തമ്മയായി സിനിമയില്‍ എത്തേണ്ടിയിരുന്ന മുത്തശ്ശിയാണ് റാബിയ ബീവി. ചിത്രത്തിലേക്ക് നായികയാകാന്‍ സംവിധായകന് രാമു കാര്യാട്ട് ആദ്യം കണ്ടെത്തിയിരുന്നത് റാബിയയെ ആയിരുന്നു. അന്ന് റാബിയ കോഴിക്കോടന്‍ നാടക വേദിയിലെ പ്രതിഭയായിരുന്നു. എന്നാല്‍ യാഥാസ്ഥിതിക സമൂഹത്തെ ഭയന്ന് റാബിയ ആ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നത്രെ.
കോഴിക്കോട്ടെ ഒരു പരസ്യപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മഞ്ജുവിനെ കാണാന്‍ എത്തിയപ്പോളായിരുന്നു റാബിയ മാധ്യമങ്ങളുടെ കണ്ണില്‍ വീണ്ടും പെടുന്നത്. മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോള്‍ മഞ്ജുവിനോടുള്ള ആരാധനയാല്‍ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നു റാബിയയുടെ സിനിമയോടുള്ള ആഗ്രഹം മനസിലാക്കിയ പരസ്യ സംവിധായകന് ആദി തന്റെ രണ്ടാമത്തെ ചിത്രമായ ‘പന്തി’ലെ പ്രധാനകഥാപാത്രമായി റാബിയയെ ക്ഷണിക്കുകയായിരുന്നു. ചെറുപ്പത്തില്‍ നഷ്ടമായ സൗഭാഗ്യത്തെ ഇപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയാണ് താനെന്നും റാബിയ പറയുന്നു.
അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളയാണ് ചിത്രം നിർമിക്കുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഈ മാസം 15ന് ചിത്രീകരണം ആരംഭിക്കും. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമാകും ചിത്രീകരണം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ അബനി ആദി, നെടുമുടി വേണു, വിനീത്, ഇന്ദ്രന്‍സ്, സുധീര്‍ കരമന, സുധീഷ്, ഇര്‍ഷാദ്, വിനോദ് കോവൂര്‍, പ്രിയനന്ദന്, വിജിലേഷ്, ജയകൃഷ്ണന്, സുര്‍ജിത്ത്, പ്രസാദ് കണ്ണന്, അനീഷ് നായര്‍, കിരണ്‍, രമാദേവി, തുഷാര, സ്നേഹ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.