വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്. അച്ഛന്‍ ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വലിയ കോളിളക്കം സൃഷ്‌ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കി.

എന്നാല്‍ ഇന്ന് എല്ലാ പ്രശ്നങ്ങളും മറന്ന് ദിലീപ് മഞ്ജുവിന്റെയും കുടുംബത്തിന്റെയും അരികിലെത്തി. മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ വാര്യരുടെ വിയോഗ വേളയിലാണ് ദിലീപ് മകള്‍ മീനാക്ഷിയുമൊത്ത് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മഞ്ജുവിന്റെ പുള്ളിലെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

കാന്‍സര്‍ രോഗബാധിതനായിരുന്ന മഞ്ജുവിന്റെ അച്ഛന്‍ വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണ്. മാതാപിതാക്കള്‍ രണ്ടു പേരും കാന്‍സറിന്റെ കരങ്ങളില്‍ പെട്ട് പോയത് കണ്ടത് കൊണ്ടാവാം, കാന്‍സര്‍ പ്രതിരോധ സംബന്ധിയായ പരിപാടികളിലെല്ലാം മഞ്ജു വാര്യര്‍ സജീവമായി പങ്കെടുത്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ