കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മഞ്ജു വാര്യർക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു ആരാധികയുടെ സ്നേഹം അടുത്തറിയാനായത്. വൃദ്ധയായ ആരാധിക കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തപ്പോൾ മഞ്ജുവിനും ആ സ്നേഹത്തിന് മുന്നിൽ തല കുനിക്കേണ്ടി വന്നു. തനിക്കുണ്ടായ അനുഭവം മഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ ആ ആരാധികയെ തേടിയുളള തിരച്ചിലിലായിരുന്നു എല്ലാവരും. ഒടുവിൽ ആരാധികയെ കണ്ടെത്തി. കോഴിക്കോടുകാർക്ക് രൂപം കൊണ്ടല്ല ശബ്ദം കൊണ്ട് പരിചിതയായ ബീഗം റാബിയ ആയിരുന്നു വൃദ്ധയായ ആ ആരാധിക.

മഞ്ജുവിനെക്കാൾ മണിക്കൂറുകൾക്കു മുൻപേ വേദിയിലെത്തിയിരുന്നെന്ന് റാബിയ മീഡിയ വൺ ചാനലിനോട് പറഞ്ഞു. സല്ലാപം മുതലുളള മഞ്ജുവിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. അന്നു മുതലേ മഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നാഗ്രഹിച്ചിരുന്നു. ഇപ്പോഴത്തെ മഞ്ജുവിന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷേ ഇപ്പോഴും ഇഷ്ടനടി മഞ്ജുതന്നെയെന്ന് റാബിയ പറയുന്നു.

(വിഡിയോ കടപ്പാട്: മീഡിയ വൺ)

ബീഗം റാബിയയും ചെറിയൊരു താരമാണ്. രാമുകാര്യാട്ട് ചെമ്മീനിലെ കറുത്തമ്മയുടെ റോളിലേക്ക് ആദ്യം വിളിച്ചത് ബീഗം റാബിയയെ ആയിരുന്നു. പക്ഷേ യാഥാസ്ഥിതിക എതിര്‍പ്പുകളെ തുടര്‍ന്ന് ആ അവസരം വേണ്ടെന്ന് വച്ചു. കെടിയുടെ നാടകങ്ങളിലൂടെ ആയിരുന്നു തുടക്കം എങ്കിലും പിന്നീട് ആകാശവാണിയിലേക്ക് പോയി. ആകാശവാണിയിലൂടെയാണ് റാബിയ പ്രശസ്തയായത്. ഇന്നും ആകാശവാണിയിൽ ബീഗം റാബിയയുടെ ശബ്ദസാന്നിധ്യമുണ്ട്.

(വിഡിയോ കടപ്പാട്: മീഡിയ വൺ)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ