ജെ എഫ് ഡബ്ല്യൂ മാസിക ഏര്‍പ്പെടുത്തിയ ജെ എഫ് ഡബ്ല്യൂ അവാര്‍ഡ്‌ ദാനചടങ്ങ് ഇന്നലെ ചെന്നൈയില്‍ നടന്നു. സിനിമയിലെ മികവിനുള്ള പുരസ്‌കാരം മഞ്ജു വാര്യരും, സംഗീതത്തിലെ മികവിലുള്ള പുരസ്‌കാരം ബോംബെ ജയശ്രീയ്ക്കും ലഭിച്ചു. ‘സെന്‍സേഷന്‍ ഓഫ് സൗത്ത് ഇന്ത്യാ’ പുരസ്‌കാരത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി.

മുറിവേറ്റ, സങ്കടത്തിലാണ്ട എല്ലാ സ്ത്രീകള്‍ക്കുമായി തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്ന് അവാര്‍ഡ്‌ സ്വീകരിച്ചു കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞു. ഏതു പ്രതിസന്ധിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഉള്‍ക്കരുത്തുള്ള കേരളത്തിന്റെ സ്പിരിറ്റിനേയും മഞ്ജു ആ വേളയില്‍ എടുത്തു പറഞ്ഞു. നടി സിമ്രനില്‍ നിന്നാണ് മഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ചെറുപ്പകാലം മുതല്‍ തന്നെ തന്റെ ലോകത്ത് നിറയെ സിനിമയായിരുന്നു എന്ന് ‘സെന്‍സേഷന്‍ ഓഫ് സൗത്ത് ഇന്ത്യാ’ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് കീര്‍ത്തി സുരേഷ് പറഞ്ഞു. തന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ സ്ത്രീകളുടേയും പ്രതിനിധിയായാണ്‌ താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് എന്ന് ‘എക്സെലെന്‍സ് ഇന്‍ മ്യൂസിക്’ അവാര്‍ഡ്‌ നേടിയ ബോംബെ ജയശ്രീ പറഞ്ഞു. സംവിധായകന്‍ രാജീവ് കുമാര്‍, സംഗീത സംവിധായകന്‍ ജി വി പ്രകാശ്‌ എന്നിവര്‍ ചേര്‍ന്നാണ് ബോംബെ ജയശ്രീയ്ക്ക് പുരസ്‌കാരം നല്‍കിയത്.

‘എക്സെലെന്‍സ് ഇന്‍ സയന്‍സ്’ പുരസ്‌കാരം ഐ എസ് ആര്‍ ഓ ശാസ്ത്രജ്ഞ ടി കെ അനുരാധയും, ‘എക്സെലെന്‍സ് ഇന്‍ സ്പോര്‍ട്സ്’ അവാര്‍ഡ്‌ അരുണ റെഡ്ഡിയും നേടി. പതിമൂന്നു വയസ്സില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ പൂര്‍ണ്ണാ മാലവതി, ‘യംഗ് അച്ചീവര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.

ചിത്രങ്ങള്‍: ട്വിറ്റെര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ